റിയാദ് പുസ്തകമേളക്ക് തുടക്കം; ബഹ്റൈൻ അതിഥി രാജ്യം
text_fieldsറിയാദ്: ഇൗ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ബുധനാഴ്ച രാത്രിയിൽ റിയാദ് ഇൻറർനാഷനൽ കൺ വെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സൗദി സാംസ്കാരിക വകുപ്പ് സഹമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫായിസും ബഹ്റൈൻ സാംസ ്കാരിക വകുപ്പ് മന്ത്രി മായി ബിൻത് മുഹമ്മദ് അൽഖലീഫയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബഹ്റൈനാണ് ഇത്തവണ അതിഥ ിരാജ്യം. വ്യാഴാഴ്ച രാവിലെ മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നെത്തിയ 900 പ്രസാധകരുടെ അഞ്ചുലക്ഷം പുസ്തകങ്ങളാണ് മേളനഗരിയിലെ വിശാലതയിൽ അണിനിരന്നിട്ടുള്ളത്. 10 ദിവസം നീളുന്ന മേള ഇൗ മാസം 23ന് അവസാനിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. ‘പുസ്തകം ഭാവിയുടെ വാതായനം’ എന്നതാണ് ഇത്തവണത്തെ മേളയുടെ തീം. അറേബ്യൻ സംസ്കാരത്തിെൻറ പ്രചാരണം നിർവഹിച്ചത് പുസ്തകങ്ങളാണെന്ന് ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ മന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫായിസ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരോടിയ അനേകം സംവത്സരങ്ങളുടെ പഴക്കമുള്ള ബന്ധമാണെന്നും സംസ്കാരവും പ്രതിഭയും സംഗമിക്കുന്ന പുസ്തകമേളയുടെ മുഖ്യാതിഥിയാക്കിയത് ബഹ്റൈന് ലഭിച്ച വലിയ ആദരമാണെന്നും മന്ത്രി മായി ബിൻത് മുഹമ്മദ് അൽഖലീഫ അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ ഇരു മന്ത്രിമാരും ചേർന്ന് വിവിധ ഗ്രന്ഥകർത്താക്കൾക്കും സൗദി ചലച്ചിത്ര പ്രവർത്തകർക്കും വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. സൗദി മുൻ തൊഴിൽമന്ത്രിയും നയതന്ത്രജ്ഞനും കവിയും നോവലിസ്റ്റുമായിരുന്ന, 2010ൽ അന്തരിച്ച ഗാസി അൽഗൊസൈബിക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. അതിഥിതി രാജ്യമെന്ന നിലയിൽ പ്രത്യേകം സജ്ജീകരിച്ച ബഹ്റൈൻ പവലിയനിൽ കവിയരങ്ങ്, സെമിനാറുകൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ എന്നിവ എല്ലാദിവസവും അരങ്ങേറുന്നു.
സൗദി അരാംകോയുടെ പങ്കാളിത്തത്തിൽ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) ഒരുക്കുന്ന 200 കൾച്ചറൽ ഇവൻറുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ 62 സെമിനാറുകൾ, സാംസ്കാരിക പ്രഭാഷണങ്ങൾ, നാടകം, ശിൽപശാല, വിദ്യാഭ്യാസ ചലച്ചിത്രങ്ങളുടെ പ്രദർശനും എന്നിവയാണ് ഇതിലുൾപ്പെടുന്നത്. തദ്ദേശീയരും വിദേശികളുമായ 267 ഗ്രന്ഥകാരന്മാർ മേളയിൽ പെങ്കടുക്കുന്നുണ്ട്. ലോകോത്തര പുസ്തകങ്ങളടക്കം എല്ലാറ്റിനും 70 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്. മതം, ചരിത്രം, വൈദ്യം, നിയമം, ശാസ്ത്രം, സാേങ്കതിക വിദ്യ, മാധ്യമരംഗം എന്നീ വിഷയങ്ങളിലുള്ളതും, ജീവചരിത്രം, ആത്മകഥ, നോവൽ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലുള്ളതുമായ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, തുർക്കിഷ്, ഉറുദു, സ്പാനിഷ് ഭാഷകളിലെ പുസ്തകങ്ങളാണ് മുഴുവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
