സൗദിയിൽ ഓൺലൈൻ തൊഴിൽ കരാർ: ഏപ്രിൽ ഏഴ് മുതൽ പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദി സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കാനുള്ള പദ്ധതി ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പുതിയ കരാർ രീതിയെ കുറിച്ച് തൊഴിൽ മന്ത്രാലയം വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടാൻ ആരംഭിച്ചു. തൊഴിൽ മന്ത്രാലയത്തിെൻറ https://mlsd.gov.sa/ar/webform/ എന്ന വെബ് സൈറ്റ് വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ ഭീമൻ കമ്പനികളിലാണ് ആദ്യം പ്രാബല്യത്തിൽ വരിക. 3000 ന് മുകളിൽ ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ ഏപ്രിൽ ഏഴിന് ആരംഭിച്ച് ജൂൺ അവസാനത്തോടെ 30 ശതമാനം, സെപ്റ്റംബർ അവസാനത്തോടെ 70 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ പൂർണമായും ഓൺലൈൻ ആയിത്തീരണം. 500 നും 3000 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ മെയ് ആറോടെ ഓൺലൈൻ നീക്കം ആരംഭിക്കണം.
ഇവർ ജൂൺ അവസാനത്തോടെ 10 ശതമാനം, സെപ്റ്റംബർ അവസാനത്തോടെ 60 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ പൂർണമായും ഓൺലൈൻ ആയിത്തീരണം. 50 നും 500 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ ജൂലൈ നാല് മുതലാണ് പുതിയ സംവിധാനം നടപ്പാക്കുക.
സെപ്റ്റംബർ അവസാനത്തോടെ 60 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ ഇത്തരം സ്ഥാപനങ്ങൾ പൂർണമായും ഓൺലൈൻ ആയിത്തീരണം. 50 ന് താഴെ ജോലിക്കാരുള്ള സ്ഥാപനത്തിൽ ആഗസ്ത് മൂന്ന് മുതൽ ഓൺലൈൻ കരാർ നടപ്പാക്കിത്തുടങ്ങും. സെപ്റ്റംബർ അവസാനത്തോടെ 10 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ ഇത്തരം സ്ഥാപനങ്ങൾ പൂർണമായും ഓൺലൈൻ ആയിത്തീരണം. സൗദി തൊഴിൽ നിയമത്തിലെ അനുച്ഛേദം 21 , 51 , 52 എന്നിവയുടെയും വിവിധ രാജ കൽപനകളുടെയും അടിസ്ഥാനത്തിൽ തൊഴിലുടമ, തൊഴിലാളി എന്നിവരുടെ അവകാശമാണ് പൂർണമായും സംരക്ഷിക്കുന്നതിനും സുതാര്യത കാത്തു സൂക്ഷിക്കുന്നതിനുമാണ് തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
