കെ.സി.എം അബ്ദുല്ല പ്രവാസത്തോട് വിടപറയുന്നു
text_fieldsറിയാദ്: മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായി റിയാദിലെ പ്രവാസി സാംസ്കാരികരംഗത്ത് സജീവമായിരുന്ന കെ .സി.എം അബ്ദുല്ല പ്രവാസത്തോട് വിടപറയുന്നു. 1998ൽ ആരംഭിച്ച 21 വർഷത്തെ പ്രവാസത്തിനാണ് വിരാമം കുറിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയായ അബ്ദുല്ല ശിവപുരം ഇസ്ലാമിയ കോളജില്‍ നിന്ന് ആര്‍ട്സ് ആൻഡ് ഇസ്ലാമിക് കോഴ്സ്, പൂനൂര്‍ മുബാറക് അറബിക് കോളേജില്‍ നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അറബി ഭാഷ അധ്യാപക കോഴ്സ് എന്നിവ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രവാസത്തിൽ ജീവിതം പരീക്ഷിക്കാെനത്തിയത്. സൗദിയിലെ പ്രമുഖ സ്വകാര്യ കമ്പനികളായ അല്‍ജിദാഇ, സോളിഡാരിറ്റി സൗദി തകാഫുല്‍ എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2005 മുതല്‍ ‘ഗള്‍ഫ് മാധ്യമം’ റിയാദ് ബ്യൂറോക്ക് വേണ്ടി ലേഖകനായി പ്രവർത്തിച്ചുകൊണ്ട് മാധ്യമരംഗത്തേക്ക് കടന്നുവന്നു.
2013 ല്‍ മീഡിയവണ്‍ ചാനൽ പ്രവർത്തനം ആരംഭിച്ചതോടെ ടെലിവിഷൻ മാധ്യമപ്രവർത്തനത്തിലും ഒരു കൈനോക്കി. 2018 വരെ റിയാദ് ബ്യൂറോക്ക് കീഴിൽ സജീവമായി. റിയാദിലെ മലയാളി സാമുഹിക സാംസ്കാരിക ജനസേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നീണ്ട സജീവ സാന്നിദ്ധ്യം കൊണ്ട് പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി തൊഴില്‍, നിയമ പ്രശ്നങ്ങളും ജീവകാരുണ്യവാര്‍ത്തകളും പൊതുശ്രദ്ധയില്‍ കൊണ്ടുവരാനായി. സംഘടനാപ്രവർത്തന രംഗത്തും സജീവമായിരുന്ന അബ്ദുല്ല റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹിത്വങ്ങള്‍ വഹിച്ചു. ഒമാനിലെ സലാല ഉള്‍പ്പെടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്തു. ഭാര്യ നഷീദ പൂക്കാട് 12 വർഷം റിയാദ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിൽ അധ്യാപികയായിരുന്നു. മക്കള്‍: ഫാതിമ മൈസം, അഹമ്മദ് യാസീന്‍, ഫഹീം അബ്ദുല്ല. റിയട്ടയേർഡ് സ്കൂൾ അധ്യാപകൻ ബി.സി അഹമ്മദ് കോയയാണ് പിതാവ്. മാതാവ് പരേതയായ ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
