സലിം ബായി: വിയോഗത്തിെൻറ നോവിൽ യാമ്പുവിലെ പ്രവാസികൾ
text_fieldsയാമ്പു: വ്യാഴാഴ്ച യാമ്പുവിൽ വിടപറഞ്ഞ കൊല്ലം കൊട്ടിയം മൈലക്കാട് സ്വദേശി എ. കെ നസീർ എന്ന സലിം ബായിയുടെ (57) വിയോഗത്തിൽ ശോകമൂകമായി പ്രവാസി സമൂഹം. പ്രവാസം ഏറെയും ചെലവഴിച്ച യാമ്പുവിലെ സൗഹൃദ കൂട്ടത്തെ കണ്ണീരിലാഴ്ത്തിയാണ് സലിം ബായ് വിടപറഞ്ഞത്. മകെൻറ വിവാഹത്തിനായി നാട്ടിൽ പോയി രണ്ടാഴ്ച മുമ്പാണ് അദ്ദേഹം തിരിച്ചെത്തിയത്. ശാരീരികാസ്വാസ്ഥ്യം മൂലം യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വർഷമായി വിവിധ സ്ഥലങ്ങളിൽ പ്രവാസ ജീവിതം നയിച്ച സലിം ബായി യാമ്പുവിലെ സ്വകാര്യ കമ്പനിയിൽ രണ്ടര പതിറ്റാണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. ലേബർ ക്യാമ്പുകളിൽ ഭക്ഷണമില്ലാതെയും മറ്റും പ്രയാസപ്പെടുന്ന ആളുകൾക്ക് താങ്ങായി. ജോലിസ്ഥലത്ത് ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ജോലിയില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും നിർധനരായി ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കും എത്തിച്ചു നൽകിയും തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിയ ആളുകളുടെ പ്രശ്നത്തിൽ ഇടപെട്ടും തണലായി പ്രവർത്തിച്ചു.സാധാരണക്കാരായ ആളുകൾക്ക് വലിയ ആശ്വാസമായിരുന്നു സലിം ഭായിയുടെ സാന്നിധ്യമെന്ന് യാമ്പുവിലെ സാംസ്‌കാരിക സംഘടന നേതാക്കളും സുഹൃത്തുക്കളും പറഞ്ഞു. മിണ്ടാപ്രാണികളോടും ഒടുങ്ങാത്ത സ്നേഹമായിരുന്നു. ഒരു പറ്റം പൂച്ചകളെ യാമ്പു ടൗണിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്തെ കെട്ടിടത്തിനരികെ കാണാം.
മുടക്കം വരാതെ അദ്ദേഹം നൽകിയിരുന്ന ഭക്ഷണം കാത്ത് നിരന്നിരിക്കുന്ന പൂച്ചകൾ അദ്ദേഹത്തിെൻറ സാന്നിധ്യം പ്രതീക്ഷിച്ച് ഇപ്പോഴും അവിടെ ഇരിക്കുന്നത് നോവിൻ കാഴ്ചയാണ്. കാറിൽ നിന്നിറങ്ങി റൂമിലേക്ക് പോകുമ്പോൾ എണ്ണമറ്റ പൂച്ചകൾ പ്രത്യേക ശബ്ദത്തോടെ നന്ദി പ്രകടിപ്പിച്ച് അദ്ദേഹത്തെ പൊതിയുന്ന കാഴ്‌ച ഇനി ഓർമ. താമസ സ്ഥലത്തെ ഉറുമ്പിൻ പറ്റത്തിനും പ്രത്യേകം ഭക്ഷണം നൽകിയിരുന്നു. ഉന്നതരുമായുള്ള വ്യക്തി ബന്ധം പല ഘട്ടങ്ങളിലും പൊതുപ്രവർത്തകർക്ക് വലിയ സഹായമായിരുന്നുവെന്ന് അടുത്ത സുഹൃത്തും കെ. എം. സി. സി യാമ്പു സെൻട്രൽ കമ്മിറ്റി ചെയർമാനുമായ മുസ്തഫ മൊറയൂർ പറഞ്ഞു. അബ്ഹയിലുള്ള സഹോദരനായ ഷാജിയും സഹോദര പുത്രന്മാരായ സജീവ്, നൗഫൽ എന്നിവരും മറ്റു ബന്ധുക്കളും സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കളും സുഹൃത്തുക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. മൃതദേഹം തിങ്കളാഴ്ച മഗ്രിബ് നമസ്കാര ശേഷം യാമ്പു ടൗണിലെ മസ്ജിദുൽ ജാമിഅയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
