അറിവിെൻറ വിസ്മയാനുഭവം പകർന്ന് ജി.എസ് പ്രദീപ്
text_fieldsജുബൈൽ: അറിവിെൻറ ആകാശ ചുമലിലേറി ജി.എസ് പ്രദീപ് ജുബൈലിലെ പ്രവാസി മനസിനെ കീഴടക്കി. കെ.സി പിള്ളയുടെ അനുസ്മരണാർഥം നവയുഗം ജുബൈൽ ഘടകം സംഘടിപ്പിച്ച ‘ജീനിയസ് ടാലൻറ് ഹണ്ട്’ പരിപാടിയിലാണ് ജി.എസ് പ്രദീപ് താരമായത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ നീണ്ട മാരത്തോൺ ക്വിസായിരുന്നു പരിപാടി. ഉച്ചവരെ ഇന്ത്യൻ വിദ്യാർഥികൾക്കും ശേഷം കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കും വേണ്ടിയായിരുന്നു മത്സരങ്ങൾ. 500 ലേറെ മത്സരാർഥികളിൽ നിന്നും ആദ്യ ഘട്ട എഴുത്തുപരീക്ഷയിൽ നിന്ന് ആറുപേരെ തെരഞ്ഞെടുത്തായിരുന്നു മത്സരം. വേദിയിലെത്തിയ ആറു പേർക്കും ഇന്ത്യയിലെ നദികളുടെ പേരുകൾ നൽകി. ഗ്രാൻഡ് മാസ്റ്റേഴ്സ് സ്പെഷ്യൽ, ശബ്ദം തിരിച്ചറിയുക, സൂചനകൾ നൽകി ഉത്തരത്തിലേക്ക് എത്തുന്ന രീതി, ചിത്രങ്ങളുടെ താരതമ്യം, 30 സെക്കൻഡിൽ ഉത്തരം പറയേണ്ട സമയബന്ധിതം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായിരുന്നു ചോദ്യങ്ങൾ. ഉത്തരങ്ങൾ ലഭിക്കാത്തവ സദസിന് നൽകി ഉടൻ തന്നെ സമ്മാനങ്ങളും കൈമാറി.
ചരിത്രവും ശാത്രവും ഗണിതവും ഭൂമിശാസ്ത്രവും കണ്ടുപിടിത്തങ്ങളും കളികളും സിനിമയും എന്നുവേണ്ട എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരവും. സദസിലെത്തിയ പ്രമുഖരിൽ നിന്നും വിഷയം വാങ്ങിയശേഷം അതുമായി ബന്ധപ്പെട്ട സൂചനകൾ മത്സരാർഥികൾക്ക് നൽകി ഉത്തരത്തിലേക്ക് എത്തിച്ചേരുന്ന രീതി ഏറെ കയ്യടിനേടി. സൗദി അറേബ്യയെപ്പറ്റിയുള്ള ചില ചോദ്യങ്ങൾ പരിപാടിക്കെത്തിയ സ്വദേശികളോട് സംവദിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം നടന്ന മത്സരങ്ങളാണ് വിജ്ഞാനപ്രദവും കൂടുതൽ രസകരവുമായത്. സ്ത്രീക്ക് ദേഹം മറക്കാൻ തെൻറ തലപ്പാവ് വൈഗാ നദിയിലൂടെ ഒഴുക്കി നൽകിയ ശേഷം മഹാത്മ ഗാന്ധി എടുത്ത പ്രതിജ്ഞയും പട്ടിണി മാത്രം കൈമുതലായുണ്ടായിരുന്ന ദലിത് ബാലൻ പിന്നീട് ഇന്ത്യയുടെ ഒന്നാം പൗരൻ ആയിത്തീർന്ന കെ.ആർ നാരായണെൻറ കഥയും സദസ്യരുടെ കണ്ണ് നനയിച്ചു. ചോദ്യങ്ങൾക്കൊപ്പം മലയാളത്തിലെ പ്രശസ്തമായ കഥകളും കവിതകളും ഗാനങ്ങളുമായി ജി.എസ് പ്രദീപ് വേദി നിറഞ്ഞു. അദ്ദേഹത്തിെൻറ ‘അശ്വമേധം’ ടി.വിയിൽ കണ്ടു മാത്രം പരിചയമുള്ള പ്രവാസ സമൂഹത്തിന് വ്യത്യസ്തവും ആഹ്ലാദകരവുമായ വൈജ്ഞാനിക അനുഭവം പകർന്നുനൽകാൻ മത്സരത്തിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
