യു.ടി.എസ്.സി സെവൻസ് സോക്കർ ഫെസ്റ്റിവലിന് ആവേശത്തുടക്കം
text_fieldsജിദ്ദ: യു.ടി.എസ്.സി മൂന്നാം സെവൻസ് സോക്കർ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. ഉദ്ഘാടന ദിവസം ആദ്യമത്സരത്തിൽ യൂത്ത് ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളിന് മുൻ ചാമ്പ്യന്മാരായ ഇ.എഫ്.എസ് - എഫ്.സി യെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തി യൂത്ത് ഇന്ത്യക്ക് വേണ്ടി ഏഴാം മിനുട്ടിലും പതിനാലാം മിനിറ്റിലും ഗോൾ നേടിയ അനൂപ് ആണ് മാൻ ഓഫ് ദി മാച്ച്. രണ്ടാം മത്സരത്തിൽ കാറ്റലോണിയ എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ന്യൂ കാസിൽ കൊട്ടപ്പുറത്തിനെ പരാജയപ്പെടുത്തി. കാറ്റലോണിയക്ക് വേണ്ടി ആസാം രണ്ടു ഗോൾ നേടി. കളിയിലുടനീളം മികച്ച മുന്നേറ്റം നടത്തിയ ക്യാപ്റ്റൻ സൈഫ് ആണ് മാൻ ഓഫ് ദി മാച്ച്. പിന്നീട് നടന്ന അണ്ടർ 13 വിഭാഗം മത്സരത്തിൽ സോക്കർ ഫ്രീക്സ് മലർവാടി സ്ട്രൈക്കേഴ്സിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തരിപ്പണമാക്കി. അഞ്ചു ഗോളുകൾ നേടിയ നിഹാൽ ആണ് മാൻ ഓഫ് ദി മാച്ച്.സീനിയർ ലീഗ് റൗണ്ടിലെ മൂന്നാമത്തെ മത്സരത്തിൽ സോക്കർ ബ്രദേഴ്സ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സോക്കാർ ഗയ്‌സിനെ തകർത്തു.
മൂന്ന് ഗോളുകൾ നേടിയ മുസാഫർ ഷെയ്ഖ് അജി ആണ് മാൻ ഓഫ് ദി മാച്ച്. ഉദ്ഘാടന ദിവസത്തെ അവസാന ലീഗ് മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ജെ.എസ്.സി സീനിയഴ്സ് മറുപടിയില്ലാതെ രണ്ട് ഗോളുകൾക്ക് ഐ.ടി.എൽ എഫ്.സിയെ പരാജയപ്പെടുത്തി. 29ാം മിനുട്ടിൽ ശകീറും 49 ആം മിനുട്ടിൽ ഹാസിമും ഓരോ ഗോളുകൾ നേടി. ജെ.എസ്.സി യുടെ ഗോൾ വല സുരക്ഷിതമായി കാത്ത ഷറഫുദ്ദീൻ ആണ് മാൻ ഓഫ് ദി മാച്ച്. വിശിഷ്ടാതിഥികളായ കെ.ടി ഹൈദർ (മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലെയർ), മിർ ഗസാഫാർ അലി സാക്കി (സെക്രട്ടറി സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് & മുൻ സന്തോഷ് ട്രോഫി പ്ലേയർ) ഷമീം ബാബു (ഇറാം ഗ്രൂപ്പ് ഏരിയ മാനേജർ) എന്നിവർ ചേർന്ന് സോക്കർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫുഡ്‌സ് സ്റ്റാൾ കാണികൾക്കും കളിക്കാർക്കും രുചികരമായ തലശ്ശേരി പലഹാരങ്ങളുടെ വിരുന്ന് തന്നെ ഒരുക്കി. അവസാന ലീഗ് റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി എട്ടിനും സെമി ഫൈനൽ മത്സരങ്ങൾ 15 നും ഫൈനൽ മത്സരം ഫെബ്രുവരി 22 നും നടക്കും. വൈകുന്നേരം ആറ് മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ബനി മാലിക്കിലെ ശബാബി സ്പോർട്സ് സിറ്റിയിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
