മക്കയിലോടാൻ ഒരുങ്ങുന്നത് 400 ആധുനിക ബസുകൾ
text_fieldsജിദ്ദ: മക്ക പൊതുഗതാഗത പദ്ധതിക്ക് കീഴിൽ സർവീസ് നടത്താൻ 400 പുതിയ ബസുകൾ. ഇതിെൻറ അവസാന ഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. 2019 അവസാനത്തോടെ നിർമാണവും ഇറക്കുമതിയും പൂർത്തിയാകും. 2020 ൽ സർവീസ് ആരംഭിക്കും. 240 ബസുകൾ 40 സീറ്റുകളുള്ള ഒാർഡിനറിയാണ്. 160 എണ്ണം ആറ് സീറ്റുകളോടും രണ്ട് നിലകളോട് കൂടിയതാണ്. നൂതന സാേങ്കതിക സംവിധാനങ്ങളോട് കൂടിയതാണ് ഒരോ ബസും. ടിക്കറ്റിങിന് കമ്പ്യൂട്ടർ സംവിധാനവും യാത്രക്കാർക്ക് വൈ.ഫൈ സേവനവുമുണ്ടാകും.
പരിസ്ഥിതിക്ക് അനുയോജ്യമായ നിലയിലാണ് ബസുകളുടെ നിർമാണം. വികലാംഗർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ, എയർകണ്ടീഷനിങ്, കാമറകൾ, സൗണ്ട് സംവിധാനങ്ങൾ, ഡിജിറ്റൽ സ്ക്രീനുകൾ എന്നിവയും ബസിെൻറ പ്രത്യേകതകളാണ്. ബസുകളുടെ നിർമാണം വിദഗ്ധ കമ്പനിക്ക് കീഴിലാണെന്ന് മക്ക വികസന അതോറിറ്റി വക്താവ് എൻജി. ജലാൽ കഅ്കി പറഞ്ഞു. മേന്മകളും രൂപവും എൻജിൻ ശക്തിയും പരിശോധിക്കുന്ന നടപടികൾ പൂർത്തിയായി. മൂന്നാംഘട്ട നിർമാണ ജോലികളാണിപ്പോൾ നടന്നു വരുന്നത്. നിശ്ചിത സമയത്തിനകം ബസുകളുടെ ഇറക്കുമതി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ വർഷമാണ് ബസ് നിർമാണത്തിനും ഇറക്കുമതിക്കും വേണ്ടി സൗദി നെസ്മ കമ്പനിയും സ്പാനിഷ് കമ്പനിയായ ടി.എൻ.സിയുമായും ചേർന്ന് മക്ക ഗവർണർ കരാർ ഒപ്പുവെച്ചത്. 3.2 ബില്യൺ റിയാൽ ചെലവ് വരും. 400 ബസുകളുടെ ഇറക്കുമതി, പത്ത് വർഷത്തേക്ക് ഒാപറേഷൻ, റിപ്പയറിങ് എന്നിവ ഉൾപ്പെട്ടതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ബസ് സർവീസ് ആരംഭിക്കുന്നതോടെ മക്കയിലെ പൊതുഗതാഗതം കൂടുതൽ എളുപ്പവും വ്യവസ്ഥാപിതവുമാകുമെന്നാണ് ഗതാഗത രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്കും ഗതാഗതകുരുക്കൊഴിവാക്കാനും ഇത് സഹായിക്കും. കഴിഞ്ഞാഴ്ചയാണ് ബസുകൾക്ക് പ്രത്യേക ട്രാക്കുകൾ ഒരുക്കുന്നതിനും അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റോപ്പുകൾ ഉണ്ടാക്കുന്നതിനുമുള്ള കരാർ ഒപ്പുവെച്ചത്. പൊതുഗതാഗത പദ്ധതി എത്രയും വേഗം യഥാർഥ്യമാക്കാൻ മക്ക വികസന അതോറിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
