സൗദിയിലെത്തി 33 വർഷമായിട്ടും നാട്ടിൽ പോയില്ല; ഒടുവിൽ മടങ്ങാനൊരുങ്ങുേമ്പാൾ തടസ്സം ആശുപത്രി ബില്ല്
text_fieldsറിയാദ്: തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം കുംഭകോണം മേലേകാവേരിയിൽ ജനിച്ച അബ്ദുറഹ്മാൻ 33 വർഷം മുമ്പാണ് സൗദിയിലെത്തിയത്. ഇതുവരെ നാട്ടിൽ പോയിട്ടില്ല. രോഗിയായി ഗത്യന്തരമില്ലാതെ മടങ്ങാനൊരുങ്ങിയപ്പോൾ തടസ്സമായി ആശുപത്രി ബില്ല്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി സെൻട്രൽ ആശുപത്രിയിൽ 55 ദിവസമായി ചികിത്സയിലാണ് 63കാരൻ. ജോലി കഴിഞ്ഞ് മടങ്ങുേമ്പാൾ കുഴഞ്ഞുവീണാണ് അവിടെയെത്തിയത്. ഇപ്പോൾ അസുഖത്തിന് ശമനമായിട്ടുണ്ട്. യാത്രാരേഖകളെല്ലാം റെഡി. ബില്ല് കെട്ടി ആശുപ്രതിയിൽ നിന്ന് വിടുതലായാൽ യാത്രയാകാം. എന്നാൽ അതത്ര എളുപ്പമല്ല, ചെറുതല്ല ബില്ല്. 30,000 റിയാലിന് മുകളിലാണ്. തവണ വ്യവസ്ഥയിൽ അടയ്ക്കാൻ ആശുപത്രി അധികൃതർ ഇളവ് നൽകിയിട്ടുണ്ട്. സഹായിക്കാൻ നിൽക്കുന്ന സാമൂഹിക പ്രവർത്തകൻ സമ്മത പത്രം നൽകിയാൽ വിടുതൽ നൽകാമെന്നും അവർ കനിഞ്ഞിട്ടുണ്ട്.
വൈകാതെ നടന്നേക്കുമെന്ന പ്രതീക്ഷയും പക്ഷേ, അബ്ദുറഹ്മാെൻറ മുഖത്ത് സന്തോഷം വിരിയിക്കുന്നില്ല. പോകാൻ തോന്നുന്നില്ല, അത് തന്നെ കാരണം. നാടിനോട് വെറുപ്പ് തോന്നിയിട്ടല്ല, ഇത്രയും കാലവും പോയില്ലല്ലോ, ഇനി പോയിെട്ടന്താ എന്നൊരു മടുപ്പ്. വിവാഹം കഴിച്ചിട്ടില്ല. നാട്ടിൽ കാത്തിരിക്കുന്നൊരു ഉമ്മയുണ്ട്. പെങ്ങളുണ്ട്. ഇത്രയും കാലത്തിനിപ്പുറവും അവരെയും ജന്മനാടിനെയും കുറിച്ചുള്ള ഒാർമകളൊന്നും മാഞ്ഞുപോയിട്ടില്ല. 30ാം വയസിൽ വിട്ടുവന്ന നാട്ടിലെ ചെറിയ കാര്യങ്ങൾ പോലും രോഗശയ്യയിലിരുന്ന് ഒാർത്തെടുക്കാൻ കഴിയുന്നുണ്ട്. എന്നിട്ടും പോകണമെന്നൊരു ചിന്ത ഇപ്പോഴും വരുന്നില്ല. പോകണ്ടേ എന്ന് ചോദിക്കുന്ന സാമൂഹിക പ്രവർത്തകനോട് അയാൾക്ക് ദേഷ്യം വരുന്നുണ്ട്. രോഗിയായി, പോരാത്തതിന് ഇഖാമ പുതുക്കിയിട്ടുമില്ല, ഇനി പോകാതിരിക്കുന്നതെങ്ങിനെ എന്ന് നിസ്സഹായതയിൽ വാക്കിടറുന്നു അയാൾക്ക്. ദവാദ്മിയിലെ ഒരു നിർമാണ കമ്പനിയിലേക്ക് ഹെൽപർ വിസയിലാണ് വന്നത്. കെട്ടിട, കുഴൽക്കിണർ നിർമാണ ജോലികൾ ചെയ്തു.
ഇതിനിടയിൽ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പല്ല് മുഴുവൻ പോയി. കൃത്രിമ പല്ല് വെയ്ക്കേണ്ടിവന്നു. പിന്നീട് ദവാദ്മിയിൽ തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി. പിതാവ് മുഹമ്മദ് സുൽത്താൻ നേരത്തെ മരിച്ചിരുന്നു. കുടുംബത്തിെൻറ ഭാരം ചുമലിലേറ്റിയാണ് സൗദിയിലേക്ക് വിമാനം കയറിയത്. മരുഭൂമിയിൽ അധ്വാനിച്ചത് കൊണ്ട് കൂടപിറപ്പ് ഫാത്തിമയുടെ വിവാഹം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങൾ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടിൽ പോകാനുള്ള സാഹചര്യങ്ങളൊന്നുമുണ്ടായില്ല. കാലം കടന്നുപോയി. വിവാഹവും കഴിക്കാനായില്ല. ഉമ്മ ഹലീമ ബീവിക്ക് ചെലവിനാവശ്യമായ പണം അയച്ചുകൊടുത്തിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു കരാർ കമ്പനിയുടെ കീഴിൽ ദവാദ്മിയിലെ ജി.എം.സി സർവീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിൽ റോഡിൽ തളർന്നു വീണു. ആളുകൾ ആശുപത്രിയിൽ എത്തിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഒരു വർഷമായി ഇഖാമ പുതുക്കിയിട്ടില്ല. ദവാദ്മി കെ.എം.സി.സി ഭാരവാഹി ഹുസൈൻ അലി വിവരമറിഞ്ഞ് സഹായിക്കാനെത്തിയതാണ് ഇപ്പോൾ നാട്ടിലേക്ക് വഴിതുറക്കാനിടയാക്കിയത്. പാസ്പോർട്ട് വളരെക്കാലം മുേമ്പ കാലാവധി കഴിഞ്ഞു അസാധുവായിരുന്നു. പാസ്പോർട്ട് രേഖകളൊന്നും കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇന്ത്യൻ എംബസി ഒൗട്ട് പാസ് അനുവദിച്ചു. കമ്പനിയധികൃതർ എക്സിറ്റ് വിസയും നൽകി. പോകാൻ എല്ലാ വഴിയുമൊരുങ്ങിയപ്പോഴാണ് ആശുപത്രി ബില്ല് തടസ്സമായത്. തവണയായി പണം അടച്ചുതീർക്കാമെന്ന് താൻ രേഖാമൂലം ഉറപ്പുനൽകിയാൽ ഡിസ്ചാർജ് നൽകാമെന്ന് ആശുപത്രിയധികൃതർ സമ്മതിച്ചിട്ടുണ്ടെന്ന് ഹുസൈൻ അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
