യാമ്പു മേഖലയിൽ പുതിയ കാൽവെപ്പുകളുമായി ടൂറിസം, പൈതൃക വകുപ്പ്
text_fieldsയാമ്പു: വിനോദ സഞ്ചാര വ്യവസായ മേഖലയിൽ പുതിയ കാൽവെപ്പുകളുമായി യാമ്പു ടൂറിസം, ദേശീയ പൈതൃക വകുപ്പ്. ടൂറിസ്റ്റ് മേഖലയിൽ പുതിയ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരങ്ങൾ നൽകിയും ടൂറിസ്റ്റ് മാനദണ്ഡങ്ങൾ നിശ്ചയിച്ചും യാമ്പു ടൂറിസം അതോറിറ്റി ഡയറക്റ്റർ സമീർ അൽ അനീനി നടപടികൾക്കായി നിർദേശം നൽകി. ചരിത്ര പ്രാധാന്യമുള്ള പുരാതന യാമ്പുവിലെ വിവിധ വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കുവാനും ടൂറിസ്റ്റുകളെ ആകർഷിക്കാനുതകുന്ന സംവിധാനങ്ങൾ കേന്ദ്രങ്ങളിൽ പരിഷ്‌കരിക്കുവാനും തീരുമാനിച്ചു. സ്‌കൂൾ അവധിക്കാലത്ത് പൈതൃക - പാരമ്പര്യ ഫെസ്റ്റുകൾ സജീവമാക്കുവാനും നിർദേശമുണ്ട്.
ടൂറിസ്റ്റ് ഗൈഡുമാർക്ക് ഔദ്യോഗിക അംഗീകാരം നൽകുവാനും യാമ്പുവിെൻറ പുരാതന ചരിത്രം സന്ദർശകർക്ക് പരിചയപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നും ടൂറിസം ഡയറക്റ്റർ പറഞ്ഞു. സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖല ഏഴു ശതമാനം വാർഷിക വളർച്ചയിലാണെന്നാണ് വിലയിരുത്തൽ. മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിവർഷ വരുമാനവും വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനം വരുന്ന യുവാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ടൂറിസം പരിപാടികളാണ് വിവിധ പ്രവിശ്യകളിൽ നടപ്പിലാക്കി വരുന്നത്. വിവിധ കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽപര്യങ്ങൾക്കനുസരിച്ചുള്ള പരിപാടികൾ ഒരുക്കാനും ആവശ്യമായ സേവനങ്ങൾ നൽകാനും അധികൃതർ കൂടുതൽ ജാഗ്രത കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
