ഹജ്ജ് കരാറിൽ ഇന്ത്യ നാളെ ഒപ്പിടും
text_fieldsജിദ്ദ: 2019 ലെ ഹജ്ജ് കരാറിൽ ഇന്ത്യ വ്യാഴാഴ്ച ഒപ്പിടും. സൗദി ഹജ്ജ് മന്ത്രാലയ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഹ ജ്ജ് മിഷനു വേണ്ടി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയാണ് കരാറിൽ ഒപ്പുവെക്കുക. ഇന്ത്യയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കോൺസുലേറ്റ് അധികൃതരും ചടങ്ങിൽ സംബന്ധിക്കും. പുതിയ വ്യവസ്ഥയിൽ ഗ്രീൻ കാറ്റഗറിക്ക് പകരം ഹറമൈൻ അതിവേഗ ട്രെയിൻ യാത്രാ സൗകര്യം ഇന്ത്യ ആവശ്യപ്പെടും എന്നാണ് വിവരം. ഹജ്ജിന് കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ഹജ്ജ് മിഷൻ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഹറമിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രീൻ കാറ്റഗറി ഈ വർഷം ഉണ്ടാകില്ല.
ഇനിമുതൽ എൻ.സി.എൻ.ടി അഥവാ നോൻ കുക്കിങ്, നോൺ ട്രാൻസ്പോർട്ടേഷൻ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. ഇതിൽ ഭക്ഷണം പാചകം ചെയ്യാനോ യാത്രാസൗകര്യങ്ങളോ ഉണ്ടാകില്ല. ഹറമിനു പരിസരത്തുള്ള കെട്ടിടങ്ങളിൽ പാചകം ചെയ്യൽ അനുവദനീയമല്ലാത്തതിനാലാണിത്. എന്നാൽ അസീസിയ കാറ്റഗറി മാറ്റമില്ലാതെ തുടരും. കൂടുതൽ തീർഥാടകർക്കും അസീസിയ കാറ്റഗറിയിലായിരിക്കും ഇടം ലഭിക്കുക. ഇതിൽ മുഴുസമയവും ഹറമിലേക്ക് യാത്രാസൗകര്യം ഉണ്ടാവും. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യാനാവുന്നതും മികച്ച കെട്ടിടങ്ങളും ഈ കാറ്റഗറിയുടെ പ്രത്യേകതയാണ്. ഹജ്ജ് ക്വാട്ട ഉയർത്തണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം ഹജ്ജ് അപേക്ഷകരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇക്കാര്യവും കരാർ വേളയിൽ ചർച്ചയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
