എണ്ണ വില കുറക്കാന്‍ മോദി അഭ്യര്‍ഥിച്ചു -സൗദി ഊർജ മന്ത്രി
text_fieldsറിയാദ്: ക്രൂഡ് ഓയിലിെൻറ വില കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സൗദിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന ജി 20 ഉച്ചകോടിയില്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രമുഖ രാജ്യങ്ങള്‍ എണ്ണ വില വര്‍ധിക്കുന്നതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയതായും ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങള്‍ വില കുറക്കാന്‍ അഭ്യര്‍ഥിച്ചതായും മന്ത്രി വിശദീകരിച്ചു. ജി 20 ഉച്ചകോടിയുടെ തൊട്ടുടനെ ഒപെക് ഉച്ചകോടി വിയന്നയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചക്ക് വന്നത്.
വിയന്ന ഉച്ചകോടിയില്‍ 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കുന്നതോടെ വില വര്‍ധനവുണ്ടാവുമെന്നും ഉപഭോഗ രാജ്യങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മോദിയുടെ അഭ്യര്‍ഥന. എന്നാല്‍ വിപണി സന്തുലിതത്വം നിലനിര്‍ത്തുമെന്നും ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന നിലപാട് സൗദിയോ ഒപെക് കൂട്ടായ്മയോ സ്വീകരിക്കില്ലെന്നും എൻജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. എണ്ണ ഉല്‍പാദകര്‍ക്ക് ഉപഭോക്താക്കളും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ത്യയുമായി വിവിധ ഊർജ സമ്മേളനങ്ങളില്‍ സൗദി സംവദിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡൻറിെൻറ അഭ്യര്‍ഥനയും സൗദി മുഖവിലക്കെടുക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സൗദി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഊർജ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
