കോൺസൽ ജനറലിന് ജീസാനിൽ ഇന്ത്യൻ പൗരാവലിയുടെ സ്വീകരണം
text_fieldsജീസാന്‍: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജീസാനിലെത്തിയ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിന് വിവിധ പ്രവാസി സംഘടനകള്‍ സ്വീകരണം നൽകി. ജീസാന്‍ മേഖലയില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലയക്കാന്‍ നേരിടുന്ന കാലതാമസം പരിഹരിക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി വി.എഫ്.എസ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയുടെ പാസ്‌പോര്‍ട്ട് സേവനകേന്ദ്രം ജിസാനില്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം സ്വീകരണയോഗത്തിൽ പറഞ്ഞു.
പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും. അതിനായി പ്രവാസികള്‍ കോണ്‍സുലേറ്റിെൻറ നിലവിലുള്ള വിവിധ സേവന സംവിധാനങ്ങള്‍ പരവാധി പ്രയോജനപ്പെടുത്തണം. സൗദി തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങളെയും കുറിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സമഗ്രമായ അവബോധം സൃഷ്്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരും പ്രവാസി സംഘടനകളും കടമയായി ഏറ്റെടുക്കണമെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് അഭിപ്രായപ്പെട്ടു. ജിസാന്‍ ഇസാഫ്‌കോ ഹാളില്‍ നടന്ന പരിപാടിയില്‍ സമൂഹിക ക്ഷേമസമിതി അംഗം ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു.
മുഖ്താര്‍ അഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഡോ. മുബാറക്ക് സാനി സ്വാഗതവും താഹ കൊല്ലേത്ത് നന്ദിയും പറഞ്ഞു. ജീസാനിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി കോണ്‍സുലേറ്റ് സമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂര്‍ കോണ്‍സല്‍ ജനറലിനെ സ്വീകരിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഖാലിദ് പട്‌ല, വെന്നിയൂര്‍ ദേവന്‍, സി.കെ. മൗലവി , എബി മാത്യു, ഇസ്മയില്‍ മമ്പാട്, അനീസ് വെള്ളരി എന്നിവർ സംസാരിച്ചു. സ്വീകരണത്തോടനുബന്ധിച്ച് നടന്ന ചോദ്യോത്തര പരിപാടിയില്‍ മേഖലയിലെ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘടനാ നേതാക്കളുമായി കോണ്‍സല്‍ ജനറല്‍ ചര്‍ച്ച ചെയ്തു. മന്‍സൂര്‍ നാലകത്ത്, മുഹമ്മദ് സാലിഹ് കാസർകോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എം.സി.സി ജീസാന്‍ കേന്ദ്ര കമ്മിറ്റി കോണ്‍സല്‍ ജനറലിന് നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
