വ്യാപാര തിരക്കുകൾക്കിടയിലും ലൈബ്രറി പ്രവർത്തനവുമായി മലയാളി
text_fieldsജുബൈൽ: വ്യാപാരത്തിെൻറ തിരക്കുകൾക്കിടയിലും വായനയുടെ ലോകം തുറന്നിട്ട് ഒരു മലയാളി. ആയിരത്തിലേറ മലയാള പുസ്തകങ്ങളുടെ ശേഖരവും നൂറോളം പതിവ് വായനക്കാരുമായി സജീവ ലൈബ്രറി പ്രവർത്തനത്തിലാണ് ജുബൈൽ നഗരത്തിൽ ദുബൈ ഷോപ്പിങ് സെൻറർ എന്ന വ്യാപാര സ്ഥാപനം നടത്തുന്ന കോഴിക്കോട് നല്ലളം ആശാരിക്കണ്ടി സ്വദേശി എ.കെ ബഷീർ. മൂന്നു പതിറ്റാണ്ടായി ഇവിടെ പ്രവാസം നയിക്കുന്ന ഇദ്ദേഹം സ്വന്തം ചെലവിലാണ് ഗ്രന്ഥശേഖരമുണ്ടാക്കി വായനക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്ന സൗകര്യമൊരുക്കിയിരിക്കുന്നത്. മലയാള നോവലുകളും കഥകളും ലോകോത്തര കൃതികളുടെ പരിഭാഷകളുമാണ് സ്വന്തം ഫ്ലാറ്റിൽ സജ്ജീകരിച്ച ശേഖരത്തിലുള്ളത്.
ഭാര്യ സക്കീലയാണ് ലൈബ്രേറിയൻ. ആളുകൾ കൊണ്ടുപോകുന്ന പുസ്തകങ്ങളുടെ പട്ടിക സൂക്ഷിക്കുകയും കൃത്യമായി തിരികെ എത്തിയോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് അവരാണ്. പതിവായി ജുബൈലിലും പരിസരങ്ങളിലുമുള്ള നൂറോളം പേർ പുസ്തകങ്ങളെടുക്കുകയും വായിച്ച് തിരികെ നൽകുകയും ചെയ്യുന്നു. വായനാപ്രിയനായ ബഷീറിന് പുസ്തകങ്ങളോട് മാത്രമല്ല എഴുത്തുകാരോടുമുണ്ട് ഊഷ്മള സൗഹൃദം. കച്ചവടത്തിരക്കിനിടയിൽ മൂന്നുമണിക്കൂർ സാഹിത്യ പാരായണത്തിനായി മാറ്റിവെക്കുന്നതാണ് ദിനചര്യ. കുഞ്ഞുണ്ണിമാഷിനെ പരിചയപ്പെട്ടതാണ് വായനയിൽ തൽപരനാകാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം യൗവ്വനകാലത്ത് തന്നെ വടക്കേ ഇന്ത്യയിലേക്ക് നാടുവിട്ടു. ജോലി തേടിയുള്ള യാത്രയിലും ൈകയ്യിലുണ്ടായിരുന്നത് ഏതാനും പുസ്തകങ്ങൾ മാത്രം. ആ യാത്രയാണ് ഒടുവിൽ സൗദിയിലെത്തിയത്.
പ്രവാസം ആണ്ടുകൾ പിന്നിടുന്നതിനിടയിൽ സ്വന്തം ലൈബ്രറിയും വളർന്നു. നാട്ടിൽ പോയി വരുന്ന സുഹൃത്തുക്കൾ സമ്മാനമായി കൊണ്ടുവരിക ഏറ്റവും പുതിയ മലയാള പുസ്തകങ്ങളാണ്. സുഹൃത്തുകൂടിയായ മുൻമന്ത്രി എം.എ ബേബി കുറച്ച് പുസ്തകങ്ങൾ ഒരിക്കൽ കൊടുത്തയച്ചിരുന്നു. സൗദി സന്ദർശിച്ച പെരുമ്പടവം ശ്രീധരൻ, പ്രഫ. വി. മധുസൂദനൻ നായർ എന്നിവർ ഇൗ വീട്ടിലെത്തി ലൈബ്രറി കണ്ടിട്ടുണ്ട്. നാല് മക്കളിൽ ഡോ. ആയിഷ സഫൂറാക്കാന് വായനയോട് കമ്പം. ചാർട്ടേർഡ് അക്കൗണ്ട് ഷെറിൻ ഷഹാന, എൻജി. മുഹമ്മദ് ഫവാസ്, എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥി മുഹമ്മദ് ഫജർ എന്നിവരും പിതാവിെൻറ ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. നവോദയ ജുബൈൽ ഘടകം ബഷീറിെൻറ പുസ്തകശേഖരത്തിന് ഒരു പ്രദർശനം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
