മഴക്ക് ശമനം; റോഡുകൾ സാധാരണ നിലയിലേക്ക്
text_fieldsജിദ്ദ: സൗദിയിൽ ഒരാഴ്ചയോളം നീണ്ട മഴക്ക് ശമനം. ജിദ്ദയിൽ ശനിയാഴ്ച രാത്രി വൈകിയും കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിനിടെ റുവൈസിൽ മലയാളി ഷോക്കേറ്റു മരിച്ചു. കോർണിഷിൽ അസാധാരണമാം വിധം ചെങ്കടലിൽ നിന്ന് തിരയടിച്ച് റോഡിലെത്തി. ശനിയാഴ്ച മക്ക മേഖലയിൽ 164 പേർ സഹായം തേടി വിളിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തി. ത്വാഇഫിൽ ഒമ്പതുപേരെ രക്ഷപ്പെടുത്തി. അല്ലീതിൽ രക്ഷാപ്രവർത്തനത്തിന് സുരക്ഷ ഹെലികോപ്റ്ററുമുണ്ടായിരുന്നു. താഴ്വരയിൽ കുടുങ്ങിയ ഇൗജിപ്ത്, യമൻ, നേപ്പാളി രാജ്യക്കാരായ മൂന്നുപേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
മഴയെ തുടർന്ന് മക്ക മേഖലയിൽ അടച്ചിട്ട തുരങ്കങ്ങളും റോഡുകളും തുറന്നു. സിവിൽ ഡിഫൻസും മുനിസിപ്പാലിറ്റിയും സഹകരിച്ചാണ് റോഡുകളിലെ തടസ്സങ്ങൾ നീക്കിയത്. മക്ക മേഖലയിൽ കൂടുതൽ മഴക്കെടുതി അല്ലീത് മേഖലയിലാണ്. പ്രദേശത്തെ കിഴക്ക് ഭാഗത്തുള്ള മർകസ് ബനീ യസീദ്, ഉദ്മ്, റഹ്വ എന്നിവിടങ്ങളിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം ഒന്നര മണിക്കൂറിലധികം നീണ്ട മഴയിൽ ഒറ്റപ്പെട്ടു. താഴ്വരകൾ നിറഞ്ഞൊഴുകി. റോഡുകൾ അടച്ചു. വൈദ്യുതി പോസ്റ്റുകൾ വീണതിനെ തുടർന്നു വൈദ്യുതി വിതരണം നിർത്തിവെച്ചു. ഇതേ തുടർന്ന് പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിലച്ചു. പലയിടങ്ങളിലും ഫുട്പാത്തുകൾ തകർന്നു. വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അടുത്തിടെയെന്നും ഇത്ര ശക്തമായ മഴ പ്രദേശത്തുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
