You are here
മക്ക-മദീന ട്രെയിൻ: ശുഭയാത്രക്ക് തുടക്കം
ആഘോഷം അലയടിച്ച് ആദ്യയാത്ര
ജിദ്ദ: ഇരു ഹറമുകൾക്കിടയിൽ ശുഭയാത്രയുടെ ധ്വനിയുയർത്തി ഹറമൈൻ അതിവേഗ ട്രെയിൻ സർവീസിന് തുടക്കമായി. വ്യാഴാഴ്ച രാവിലെയാണ് മദീനയിൽ നിന്ന് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിദ്ദ വഴി മക്കയിലേക്ക് ആദ്യട്രെയിൻ യാത്ര തിരിച്ചത്. സ്വദേശികളും വിദേശികളുമായി 417 ഒാളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കന്നിയാത്രികരെ സ്വീകരിക്കാൻ സ്റ്റേഷനുകൾ അലങ്കരിക്കുകയും നൃത്തവും പാട്ടുമടക്കം ആഘോഷ പരിപാടികൾ ഒരുക്കുകയും ചെയ്തിരുന്നു. സ്റ്റേഷനുകളിലേയും യാത്രക്കിടയിലേയും കാഴ്ചകൾ വീഡിയോവിൽ പകർത്തിയും സെൽഫിയെടുത്തും യാത്രക്കാർ ആദ്യയാത്ര ആഘോഷിച്ചു. പൊതുഗതാഗത അതോറിറ്റി മേധാവി ഡോ.റുമൈഹ് അൽറുമൈഹ് ആദ്യയാത്രയിലുണ്ടായിരുന്നു. സ്വദേശിയായ ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽശഹ്രിയാണ് ട്രെയിനോടിച്ചത്.
417 യാത്രക്കാരുമായി രാവിലെ എട്ട് മണിക്കാണ് മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടതെന്ന് മദീന അൽഹറമൈൻ ട്രെയിൻ പദ്ധതി മേധാവി എൻജിനീയർ സഅദ് അൽശഹ്രി പറഞ്ഞു. രാവിലേയും വെകുന്നേരവുമുള്ള രണ്ട് സർവീസുകളിലെ ഇകണോമിക്, ബിസിനസ് ക്ലാസുകളിലേക്കുള്ള ടിക്കറ്റുകൾ പൂർണമായും നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. ഇത്രയും യാത്രക്കാരുമായിട്ടാകും മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുക. www.hhr.sa വെബ്സൈറ്റ് വഴിയും 920004433 കസ്റ്റമർ സർവീസ് നമ്പറിലൂടേയും രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ സ്റ്റേഷനുകളിലൊരുക്കിയ ഒാഫിസ് വഴിയും നേരിട്ട് ടിക്കറ്റ് ബുക്കിങിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചുമായി ആഴ്ചയിൽ എട്ട് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അടുത്ത വർഷം സർവീസുകളുടെ എണ്ണം കൂട്ടാനാണ് പദ്ധതി.