മജീസിയക്ക് പ്രവാസികളുടെ സാമ്പത്തിക പിന്തുണ
text_fieldsറിയാദ്: രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന മലയാളി കായികതാരം മജീസിയ ഭാനുവിന് പ്രവാസികളുടെ സാമ്പത്തിക പിന്തുണ. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ചെലവിലേക്കാണ് റിയാദിലെ ഒരുപറ്റം മലയാളികൾ ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകിയത്. മലയാളിയുടെ അഭിമാനമായ കായികതാരത്തിെൻറ ലോകകായിക രംഗത്തേക്കുള്ള യാത്രയിൽ തങ്ങളുടെയും ഒരു പങ്ക് എന്ന നിലക്കാണ് മജീസിയയുടെ നാട്ടുകാരടക്കം റിയാദിലുള്ള ഒരുകൂട്ടം മലയാളികൾ വാട്സ് ആപ് ഗ്രൂപ്പിലൂടെ ധനസമാഹരണം നടത്തിയതെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1,02,000 രൂപയാണ് സ്വരൂപിച്ചത്. തുക മജീസിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും അവർ വ്യക്തമാക്കി. ഖത്തറിൽ പ്രവാസിയായ കോഴിക്കോട് ഒാർക്കാേട്ടരി കല്ലേരി മോയിലോകത്ത് അബ്ദുൽ മജീദിെൻറ മകളാണ് മജീസിയ. പവർ ലിഫ്റ്റിങ്ങിൽ ദേശീയ, രാജ്യാന്തര മീറ്റുകളിൽ ഒട്ടേറെ മെഡലുകൾ നേടിയ മിടുക്കി തുടർന്ന് പഞ്ച ഗുസ്തിയിലും ഒരു കൈ നോക്കാനിറങ്ങിയത്. സംസ്ഥാനത്തെ സ്ട്രോങ്ങ് വുമണായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം ലഖ്‌നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 55 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി. ഇതോടെ ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത മജീസിയക്ക് ലഭിച്ചു. മൂന്നു തവണ കേരള സർക്കാറിെൻറ സ്‌ട്രോങ് വുമണായി.
അഞ്ചു തവണ കോഴിക്കോട് ജില്ലയുടെ സ്‌ട്രോങ് വുമണുമായി. ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്, ദേശീയ ചാമ്പ്യൻഷിപ്, ഏഷ്യൻ ക്ലസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് എന്നിവയിൽ വെള്ളി മെഡലുകൾ സ്വന്തമാക്കി. കോഴിക്കോട് ജയാ ജിമ്മിലെ ജയദാസനാണ് പവർലിഫ്റ്റിങ് പരിശീലകൻ. ഇ.വി സലീശ് പഞ്ചഗുസ്തിയിലെ ഗുരുവും. വടകര ഹോംസ്ട്രിങ് ഫിറ്റ്നസ് സെൻററിലെ ഷമ്മാസ് അബ്ദുല്ലത്തീഫാണ് ഫിറ്റ്നസ് പരിശീലകൻ. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിൽ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിനിയാണ് മജീസിയ ഭാനു. ഖത്തറിൽ ഹൗസ് ഡ്രൈവറാണ് പിതാവ് അബ്ദുൽ മജീന്. മാതാവ് റസിയ. ബിരുദ വിദ്യാർഥിയായ മുഹമ്മദ് നിസാമുദ്ദീൻ ഏക സഹോദരനാണ്. വാർത്താസമ്മേളനത്തിൽ അബ്ദുൽ അസീസ് കടലുണ്ടി, നൗഫൽ വടകര, ആസാദ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
