അപൂർവ ചൈനീസ് പുരാവസ്തുക്കൾ സൗദിയിലെത്തുന്നു
text_fieldsറിയാദ്: അപൂർവ ചൈനീസ് പുരാവസ്തുക്കൾ കാണാൻ റിയാദിൽ അവസരമൊരുങ്ങുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു ചൈനീസ് പ്രദർശന മേള. റിയാദ് നാഷനൽ മ്യൂസിയത്തിൽ ഇൗ മാസം 12ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാനും റിയാദിലെ ചൈനീസ് അംബാസഡർ ലി ഹുവാക്സിനും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. ‘ട്രേഷഴ്സ് ഒാഫ് ചൈന’ എന്ന ശീർഷകത്തിൽ ഏഴ് ആഴ്ച നീളുന്ന മേള നവംബർ 23^ന് അവസാനിക്കും. ചൈനയിലെ 13 മ്യൂസിയങ്ങളിൽ നിന്നുള്ള 264 അത്യപൂർവ പൗരാണിക ശേഷിപ്പുകൾ റിയാദിലെത്തും. സൗദി അറേബ്യയും ചൈനയും സംയുക്തമായി നടത്തുന്ന പുരാവസ്തു ഖനനങ്ങളിലൂടെ ലഭിച്ച വസ്തുക്കളും ഇതോടൊപ്പം പ്രദർശിപ്പിക്കും. ഇവയും ഇതാദ്യമായാണ് പൊതുപ്രദർശനത്തിന് വെക്കുന്നത്.
2016 ജനുവരിയിൽ ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്ങിെൻറ സൗദി സന്ദർശന വേളയിൽ ഒപ്പുവെച്ച ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ പുരാവസ്തു മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് പ്രദർശന മേള. സർക്കാർ സ്ഥാപനമായ ‘ആർട് എക്സിബിഷൻസ് ചൈന’യാണ് മേള ഒരുക്കുന്നത്. പ്രശസ്തമായ ബീജിങ്ങിലെ പാലസ് മ്യൂസിയം, സിയാനിലെ ഷാൻങ്സി ഹിസ്റ്ററി മ്യൂസിയം, ഹെനാൻ പ്രവിശ്യയിലെ ലുയോങ് മ്യൂസിയം എന്നിവ ഉൾപ്പെടെ 13 മ്യൂസിയങ്ങളാണ് സ്വന്തം പ്രദർശനവസ്തുക്കളുമായി മേളയിലെത്തുക.
ആഗോള ശ്രദ്ധ നേടിയ ചൈനീസ് പൗരാണിക ശേഷിപ്പുകളിൽ ഏറെയും പ്രദർശനത്തിൽ അണിനിരത്തും. മനുഷ്യെൻറ കരകൗശല ചാതുരിയുടെ ഏറ്റവും പരാണിക തെളിവായി കണ്ടെടുക്കപ്പെട്ടിട്ടുള്ള കളിമൺപാത്രമാണ് ഇതിൽ പ്രധാനം. പാർശ്വങ്ങളിൽ മനുഷ്യ മുഖത്തിെൻറയും മത്സ്യത്തിെൻറയും ചിത്രങ്ങൾ കോറിയിട്ടുള്ള പാത്രം ബി.സി 3,000 വർഷം പഴക്കമുള്ളതാണ്.
രണ്ട് മീറ്റർ ഉയരമുള്ള ഒരു സൈന്യാധിപെൻറ പ്രതിമയാണ് മറ്റൊന്ന്. ഏകീകൃത ചൈനയുടെ (ബി.സി 220) ആദ്യ ചക്രവർത്തിയായിരുന്ന ചിൻ ഷി ഹ്വാങ് ഡിയുടെ ഒളി സൈന്യത്തിെൻറ സേനാധിപേൻറതാണെന്ന് കരുതുന്ന പ്രതിമയാണിത്. അറേബ്യൻ സാംസ്കാരിക പാരമ്പര്യവുമായി ബന്ധമുള്ള ചൈനീസ് പൗരാണിക ശേഷിപ്പുകളും പ്രദർശനത്തിനെത്തും. ഇസ്ലാമിക ലോകവും ചൈനയുമായി സാംസ്കാരിക വിനിമയം നടന്നിരുന്ന പൗരാണികമായ ‘പട്ട് പാത’യുടെ ശേഷിപ്പുകളാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഇസ്ലാമിക സംസ്കാരം ആദ്യകാലത്ത് തന്നെ ചൈനയിൽ സ്വാധീനം ചെലുത്തിയിരുന്നതിെൻറ തെളിവുകളും ഇവയിൽ ഉൾപ്പെടും. ഒട്ടകത്തിെൻറ ചിത്രങ്ങളും അറബിക് ലിപിയും കൊത്തിയിട്ടുള്ള കളിമൺ നിർമിതികളും സൈയ്തോൻ (ഫ്യുജിയൻ പ്രവിശ്യയിലെ ഖുവാൻസോ) മേഖലയിൽ നിന്ന് കണ്ടെടുത്ത ഇസ്ലാമിക സ്മാരകശിലകളും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
