സൗദി റോസാപ്പൂക്കൾക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡ്
text_fieldsത്വാഇഫിലെ റോസാപ്പൂ ഫാമുകളിലൊന്ന്
റിയാദ്: സൗദി അറേബ്യയുടെ കാർഷിക മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തി റോസ് (റോസാപ്പൂവ്) ഉൽപാദന രംഗം.
രാജ്യാന്തര വിപണിയിൽ സൗദി റോസാപ്പൂക്കൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും ആവശ്യം വർധിച്ചതോടെ ഈ മേഖലയിൽ പ്രതിവർഷം 15 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തുന്നതായി സുസ്ഥിര ഗ്രാമീണ കാർഷിക വികസന പരിപാടിയായ ‘റീഫ് സൗദി’ വ്യക്തമാക്കുന്നു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി ചെറുകിട കർഷകരെ ശാക്തീകരിക്കുന്നതിലൂടെ കൈവരിച്ച ഈ നേട്ടം ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.
ത്വാഇഫ്: റോസ് കൃഷിയുടെ ഹൃദയഭൂമി
സൗദിയിലെ റോസ് ഉൽപാദനത്തിെൻറ പ്രധാന കേന്ദ്രമായ ത്വാഇഫ് ഗവർണറേറ്റിലെ അനുകൂലമായ കാലാവസ്ഥയും പാരിസ്ഥിതിക പ്രത്യേകതകളുമാണ് ഈ വളർച്ചയ്ക്ക് ആധാരമാകുന്നത്. നിലവിൽ ത്വാഇഫിലെ അൽ ഹദ, അൽ ഷിഫാ, വാദി മുഹറം തുടങ്ങിയ ഭാഗങ്ങളിലായി 700 ഹെക്ടർ സ്ഥലത്ത് ഏകദേശം 1,300 റോസ് ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവയിൽ നിന്നായി പ്രതിവർഷം 50 കോടിയിലധികം റോസാപ്പൂക്കളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ പൂക്കളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിനായി 5.2 കോടി റിയാൽ മൂല്യം കണക്കാക്കുന്ന 36 ഫാക്ടറികളും ഈ മേഖലയിൽ സജീവമാണ്.
കർഷകർക്ക് താങ്ങായി ‘റീഫ് സൗദി’
റോസ് കൃഷി ലാഭകരമാക്കുന്നതിനായി കർഷകർക്കും ഉൽപാദകർക്കും വിപുലമായ പിന്തുണയാണ് റീഫ് സൗദി നൽകിവരുന്നത്. കൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പ്, ശാസ്ത്രീയമായ സംഭരണം, ആഭ്യന്തര-അന്തർദേശീയ വിപണനം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും സാങ്കേതികവും സാമ്പത്തികവുമായ സഹായം ഉറപ്പാക്കുന്നു. ഇതിെൻറ ഭാഗമായി ത്വാഇഫിൽ ‘റോസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ’ രൂപവത്കരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ ‘ഫാവോ’യുമായി സഹകരിച്ചാണ് ഈ വികസന പദ്ധതികൾ നടപ്പാക്കുന്നത്. കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള സുഗന്ധ സസ്യങ്ങളുടെ കൃഷി ചെലവ് കുറവാണെന്നതും കർഷകർക്ക് ആശ്വാസകരമാണ്.
ഉൽപന്ന വൈവിധ്യം
കേവലം അലങ്കാരത്തിന് മാത്രമല്ല, സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, ചായ, മറ്റ് പാനീയങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ത്വാഇഫ് റോസാപ്പൂക്കൾ വ്യാപകമായി ഉപയോഗിക്കുന്നു. നിലവിൽ ഇരുപതിലധികം തരം സുഗന്ധ സസ്യങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വിവിധ തരം റോസാപ്പൂക്കൾക്കായുള്ള ആഗോള ഡിമാൻഡ് ഓരോ വർഷവും 10 മുതൽ 15 ശതമാനം വരെ വർധിക്കുന്നത് സൗദി അറേബ്യയ്ക്ക് വലിയ കയറ്റുമതി സാധ്യതകളാണ് തുറന്നുനൽകുന്നത്.
വെല്ലുവിളികളും പ്രതീക്ഷകളും
മേഖല വലിയ പുരോഗതി കൈവരിക്കുമ്പോഴും ചില വെല്ലുവിളികൾ അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ സസ്യ ഇനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും കുറവും, ശക്തമായ കാർഷിക സഹകരണ സംഘങ്ങളുടെ അഭാവവുമാണ് ഇതിൽ പ്രധാനം. ഇത്തരം പ്രതിസന്ധികൾ മറികടന്ന് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം ഇനിയും ഉയർത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് റീഫ് സൗദി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

