ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും കുടുംബത്തിനും യാത്രാവിലക്ക് ബാധകമല്ല-സൗദി സിവിൽ ഏവിയേഷൻ
text_fieldsജിദ്ദ: ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും സൗദിയിലേക്ക് മടങ്ങുന്നതിന് നേരത്തെയുള്ള യാത്രാനിരോധം ബാധകമല്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പ്രത്യേക സർക്കുലർ വഴിയാണ് ഗാക്ക ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിയെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന നിരോധം സെപ്റ്റംബർ അവസാന വാരം ഭാഗികമായി പിൻവലിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപകമായ ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ സെപ്റ്റംബർ 22 ന് സൗദി സിവിൽ ഏവിയേഷൻ ഇറക്കിയ സർക്കുലർ പ്രകാരം നിരോധം നിലവിലുണ്ട്. ഈ നിരോധത്തിൽ നിന്നാണിപ്പോൾ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് അനുവദിച്ചത്.
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ നേരത്തെ തന്നെ സൗദി എയർലൈൻസ് പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴി സൗദിയിലെത്തിച്ചിരുന്നു. എന്നാൽ പുതിയ സർക്കുലർ വഴി അവരുടെ കുടുംബങ്ങൾക്കും ജീവനക്കാരോടൊപ്പം യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നു എന്നതൊഴിച്ചാൽ പുതിയ തീരുമാനത്തിൽ മറ്റു ഇളവുകൾ ഒന്നും തന്നെയില്ല.
ഇന്ത്യയിൽ നിന്നും സാധാരണ വിമാന സർവീസ് ആരംഭിക്കുന്നതിനായി ഇന്ത്യൻ എംബസിയും സൗദി സിവിൽ ഏവിയേഷൻ അധികൃതരും തമ്മിലുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവരം നേരത്തെ ഇന്ത്യൻ അംബാസഡർ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള എയർ ബബ്ൾ കരാർ സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും അംബാസഡർ അഭിപ്രായപ്പെട്ടിരുന്നു. ഈ കരാർ നിലവിൽ വന്നാൽ മാത്രമേ സാധാരണ രീതിയിൽ വിമാനസർവീസുകൾ സൗദിയിലേക്ക് ആരംഭിക്കാനും മറ്റുള്ളവർക്ക് മടങ്ങാനും സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

