ഹജ്ജ് തീർഥാടകർക്കായി ബലിമൃഗങ്ങളുടെ വൻ ശേഖരം ഒരുക്കി സൗദി; വിപണികൾ പൂർണ സജ്ജം
text_fieldsറിയാദ്: ഇത്തവണ ഹജ്ജ് സീസണിൽ പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിനായി രാജ്യത്ത് ബലിമൃഗങ്ങളുടെ വൻ ശേഖരം ലഭ്യമാക്കിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കന്നുകാലി ഉൽപ്പാദന മേഖല കൈവരിച്ച ഉയർന്ന വളർച്ച പ്രാദേശിക വിപണികൾക്ക് കരുത്താകും.
ഇത് തീർഥാടകർക്ക് മികച്ച ഗുണനിലവാരമുള്ള ബലിമൃഗങ്ങളെ തടസ്സമില്ലാതെ ലഭ്യമാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സുസ്ഥിരമായ രീതിയിൽ കന്നുകാലി വിഭവങ്ങൾ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിലും നിർണായക പങ്കാണ് വഹിക്കുന്നത്.
മൃഗങ്ങൾക്കിടയിലെ രോഗബാധ തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്തെ കന്നുകാലി സമ്പത്തിൽ 2.2 കോടിയിലധികം ചെമ്മരിയാടുകളും, 76 ലക്ഷത്തോളം ആടുകളും, 22 ലക്ഷത്തിലധികം ഒട്ടകങ്ങളും ലഭ്യമാണ്. ഇതിനുപുറമേ 510,000-ത്തിലധികം പശുക്കളെയും വിപണിയിലെ ആവശ്യങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
തീർഥാടകരുടെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റുന്നതിനായി വിശുദ്ധ നഗരമായ മക്കയിലെ പ്രാദേശിക വിപണികളും കശാപ്പുശാലകളും പൂർണ സജ്ജമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക ഉൽപ്പാദനത്തിലെ മികവും മൃഗങ്ങളുടെ വൻതോതിലുള്ള ലഭ്യതയും വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കും. ഇത് ഉപഭോക്താക്കൾക്ക് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാനുള്ള വിപുലമായ അവസരമൊരുക്കും.
ഹജ്ജ് സീസണിലുടനീളം വിപണികളിലും കശാപ്പുശാലകളിലും അനുബന്ധ വാണിജ്യ സ്ഥാപനങ്ങളിലും മന്ത്രാലയത്തിെൻറ നേതൃത്വത്തിലുള്ള കർശനമായ ഫീൽഡ് പരിശോധനകളും നിരീക്ഷണങ്ങളും തുടരും. വിപണിയിലെ വിതരണ ക്രമക്കേടുകൾ തടയുന്നതിനൊപ്പം, കന്നുകാലി വിപണന മേഖലയിൽ ജോലി ചെയ്യുന്നവർ നിർദ്ദിഷ്ട ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധനകൾ നടത്തുന്നത്.
വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിലൂടെ ദൈവത്തിെൻറ അതിഥികളായെത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പൂർണമായി സംരക്ഷിക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

