റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി20 രാജ്യങ്ങളിൽ സൗദി നാലാമത്
text_fieldsത്വാഇഫിലുള്ള അൽഹദാ ചുരം ഹൈവേ
റിയാദ്: റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി20 രാജ്യങ്ങളിൽ സൗദി അറേബ്യ നാലാം സ്ഥാനത്ത്. 2023ലെ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ച് റോഡ് ഇൻഫ്രാസ്ട്രക്ചർ ഗുണനിലവാര സൂചികയിൽ സൗദി 5.7 ലെവലിലേക്ക് മുന്നേറിയതായാണ് റിപ്പോർട്ട്. ഇതോടെ റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി20 രാജ്യങ്ങളിൽ സൗദി ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി.
റോഡ് പ്രകടനത്തെയും ഉപഭോക്തൃ സുരക്ഷയെയും ബാധിക്കുന്ന ഒരു കൂട്ടം ഘടകങ്ങളുടെ പഠനത്തെയും വിശകലനത്തെയും അടിസ്ഥാനമാക്കി റോഡ് നെറ്റ്വർക്കുകളുടെ ഗുണനിലവാരം അളക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള സൂചകങ്ങളിലൊന്നാണ് ആഗോള റോഡ് ഇൻഫ്രാസ്ട്രക്ചർ ഗുണനിലവാര സൂചിക.
അന്താരാഷ്ട്ര സൂചകങ്ങളിൽ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന്റെ ഈ പുരോഗതി ഭരണകൂടത്തിന്റെ മഹത്തായതും പരിധിയില്ലാത്തതുമായ പിന്തുണയുടെ ഫലമാണെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽ ജാസർ പറഞ്ഞു.
റോഡ് നെറ്റ്വർക്ക് കണക്ടിവിറ്റി, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, അവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ഉയർന്ന സാങ്കേതിക സവിശേഷതകൾ, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ എന്നിവക്കായി സൗദി അറേബ്യ നടത്തുന്ന യോജിച്ച ശ്രമങ്ങളും നേട്ടത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.
വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ സൗദി അറേബ്യയിലെ റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ ഗുണനിലവാര സൂചിക 5.2ൽ നിന്ന് 5.7 ആയി ഉയർന്നതായി സൗദി റോഡ് അതോറിറ്റി പറഞ്ഞു.
ഇത് ഏകദേശം 10 ശതമാനം വളർച്ചനിരക്കാണ്. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മന്ത്രിസഭ അംഗീകരിച്ച റോഡ് മേഖലയിലെ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ സൂചകം സഹായിക്കുമെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

