സമുദ്ര ഗുണനിലവാരത്തിൽ സൗദി മുന്നിലെന്ന് പഠന റിപ്പോർട്ട്
text_fieldsയാംബു: സമുദ്ര ഗുണനിലവാരം കൈവരിച്ച 26 രാജ്യങ്ങളിൽ സൗദി ഒന്നാമത്തെ രാജ്യമെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ തുറമുഖങ്ങൾ സന്ദർശിക്കുന്ന കപ്പലുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളിൽനിന്നാണ് സൗദി കപ്പലുകളുടെയും തുറമുഖ സംവിധാനങ്ങളുടെയും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ കിങ്‌ഡം മറൈൻ ക്വാളിറ്റി സർട്ടിഫിക്കറ്റ് (യു.എസ്.സി.ജി) നേടിയത്. മധ്യപൂർവേഷ്യയിൽ സമുദ്ര ഗുണനിലവാരത്തിൽ സൗദി നേരത്തേ തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. സൗദി കപ്പലുകൾ പരിസ്ഥിതിയുടെയും സമുദ്ര സുരക്ഷയുടെയും ഉയർന്ന ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്‌തമാണ്.
അന്താരാഷ്ട്ര നിലവാരത്തിൽ സമുദ്ര ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കാനും സുരക്ഷയൊരുക്കാനും സാധിച്ചതാണ് അംഗീകാരത്തിന് സഹായിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സമുദ്ര ഗുണനിലവാരത്തിൽ സൗദി നേടിയ മികവ് രാജ്യത്തെ നാവികസേനയുടെ വികസനത്തിനും പുരോഗതിക്കും വമ്പിച്ച നേട്ടം കരസ്ഥമാക്കാൻ വഴിവെക്കും. സൗദി പതാക വഹിക്കുന്ന 426 കപ്പലുകൾ ഉൾക്കൊള്ളുന്ന ബൃഹത്തായ നാവികസേനക്കും ഈ അംഗീകാരം നേട്ടമാകും. പരസ്‌പര സഹകരണത്തോടെ സമുദ്ര ഗുണനിലവാരത്തിൽ വമ്പിച്ച കുതിപ്പ് സൗദിക്ക് പുതിയ നേട്ടത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.