വിപണിയിൽ ഇൗത്തപ്പഴവൈവിധ്യങ്ങളുടെ ഉൽസവം
text_fieldsജിദ്ദ: വിശുദ്ധ റമദാൻ സമാഗതമായതോടെ വിപണിയിൽ ഇൗത്തപ്പഴവൈവിധ്യങ്ങളുടെ ഉൽസവം. സൗദയിലെ ഇൗത്തപ്പഴ വിപണിയിൽ സജീവതയുടെ നാളുകളാണിപ്പോൾ. ഇഫ്താറിന് ഒഴിച്ചുകൂടാനാവാത്ത ഇൗത്തപ്പഴം വാങ്ങാൻ വൻതിരക്കാണ്. പ്രത്യേകിച്ച് മക്കയിലേയും മദീനയിലേയും സൂക്കുകളിൽ തീർഥാടകരുടെ തിരക്കാണ്. സ്വദേശത്തേക്ക് കൊണ്ടുപോകാനായി കിലോകണക്കിന് ഇൗത്തപ്പഴമാണ് തീർഥാടകർ വാങ്ങുന്നത്. കൂടുതൽ തീർഥാടകരെത്തുന്നതോടെ വരും ദിവസങ്ങളിൽ വിപണി ഇനിയും സജീവമാകും. നോമ്പിന് ഇൗത്തപ്പഴം വാങ്ങി നാട്ടിലേക്ക് കൊടുത്തയക്കുന്ന പ്രവാസികളുമുണ്ട്. സീസൺ കണക്കിലെടുത്ത് വിവിധ തരം ഇൗത്തപ്പഴങ്ങളാണ് കടകളിൽ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളിലെ തോട്ടങ്ങളിൽ ഉൽപാദിപ്പിച്ചവയാണിവ. മദീന, ഖസീം, അൽഅഹ്സ, ബീഷ, ഖുർമ, തുർബ, റനിയ എന്നിവിടങ്ങളിൽ ഉൽപാദിപ്പിച്ച ഇൗത്തപഴങ്ങളാണ് മാർക്കറ്റുകളിൽ അധികവും. ഒരോ ഇനത്തിനും വിത്യസ്ത പേരുകളുണ്ട്. റുത്വബ്, സുക്കരി ഖസീം, സുക്കരി മുഫത്വൽ, അജ്വ, സഫാവി, മബ്റൂമ, സിർറി, മജ്ദൂല, റഷൂദിയ്യ, ശലബി അൽഖസീമി, ബർമി അൽമദീന, നബ്തത്ത് അലി, തമറു ലുബാന, റുസാന അൽഖസീം തുടങ്ങിയ വിവിധ പേരുകളിലുള്ള ഇൗത്തപഴം മാർക്കറ്റുകളിൽ സുലഭമാണ്. ഇതിലേറ്റവും പ്രിയം അജ്വക്കാണ്. സുക്കരി ഖസീം, റുത്വബ് എന്നിവക്കും ഡിമാൻറിന് കുറവൊന്നുമില്ല. 15 റിയാൽ മുതൽ 100 റിയാൽ വരെ കിലോക്ക് വരുന്ന ഇൗത്തപഴം വിപണിയിലുണ്ട്.
ഉപഭോക്താക്കളെ ആകർഷിക്കാൻ എള്ള്, ബദാം പരിപ്പ് എന്നിവ നിറച്ച ഇൗത്തപ്പഴ പാക്കറ്റുകളും അനുബന്ധ ഉൽപന്നങ്ങളും ലഭ്യമാണ്. ഇൗത്തപ്പഴം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. മദീന, ഖസീം, ഹാഇൽ, അൽഅഹ്സ തുടങ്ങിയ മേഖലകളിൽ നൂറുക്കണക്കിന് തോട്ടങ്ങളുണ്ട്. മലയാളികളടക്കം നിരവധി പേർ ഇൗ തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിലേറ്റവും പ്രസിദ്ധമാണ് മദീന, ഖസീം മേഖലകളിലെ ഇൗത്തപഴങ്ങൾ. ഇവിടങ്ങളിലെ ഇൗത്തപഴങ്ങൾക്ക് എപ്പോഴും നല്ല മാർക്കറ്റാണ്. വിവിധ രാജ്യങ്ങൾക്ക് ടൺ കണക്കിന് ഇൗത്തപഴമാണ് സൗദി ഭരണകൂടത്തിെൻറ വകയായി ഒരോ വർഷവും കയറ്റി അയക്കുന്നത്. രാജ്യത്തെ വിവിധ ചാരിറ്റബിൾ സൊസൈറ്റികൾക്കും പള്ളികൾക്കും ഹജ്ജ് ഉംറ തീർഥാടകർക്കുമിടയിൽ കിലോ കണക്കിന് ഇൗത്തപഴം വിതരണം ചെയ്യുന്നുമുണ്ട്. ആരോഗ്യത്തിനാവശ്യമായ ധാരാളം ധാതുലവണങ്ങൾ അടങ്ങിയ ഇൗത്തപഴം പണ്ട് കാലം മുതലേ അറബികൾക്കിടയിലെ മുഖ്യ ഭക്ഷ്യവിഭവമാണ്. കഹ്വക്കൊപ്പം ഇത്തപ്പഴവും അറബികളുടെ ഭക്ഷണരീതിയുടെ ഭാഗമാണ്. സൽകാരവേളയിൽ. ലോകരാഷ്ട്ര നേതാക്കളുടെ സന്ദർശനവേളയിൽ വരെ ആദ്യം നൽകുന്ന വിഭവമാണ് കഹ്വയും ഇൗത്തപ്പഴവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
