ഒാർമകളെ മുട്ടിവിളിക്കാൻ അൽ അഹ്സയിലെ അത്താഴം മുട്ടുകാരൻ
text_fieldsഅൽഅഹ്സ: ഇഫ്താർ സമയം അറിയിച്ച് പീരങ്കി വെടിയും അത്താഴം മുട്ടുമൊക്കെ പഴങ്കഥകളായെങ്കിലും കിഴക്കൻ മേഖലയിലെ അൽഅഹ്സ ഗ്രാമവാസികൾക്ക് അതില്ലാത്ത നോമ്പുകാലം ഒാർക്കാൻ കഴിയില്ല. ഡിജിറ്റൽ, സ്മാർട്ട് ഫോൺ യുഗത്തിന് കാലം വഴിമാറിയെങ്കിലും അൽ അഹ്സയിലെ ചില ഭാഗങ്ങളിൽ ചെണ്ടകൊട്ടി അത്താഴത്തിന് ഉണർത്തുന്ന പഴയ സമ്പ്രദായം (അത്താഴം മുട്ട്) ഇപ്പോഴും നിലനിൽക്കുന്നു. റമദാനായാൽ ഗ്രാമങ്ങളിലെ റോഡുകളിൽ അത്താഴംമുട്ട് പതിവ് കാഴ്ചയാണ്. പ്രധാന പട്ടണങ്ങളിലെല്ലാം ഇൗ സമ്പ്രദായം അപ്രത്യക്ഷമായെങ്കിലും മബ്റസ് പ്രദേശത്ത് അതിപ്പോഴും നിലനിൽക്കുന്നു.
ആ പഴയ സമ്പ്രദായം നിലനിർത്തി, ഒരോ വർഷവും റമദാനിൽ ആളുകളെ അത്താഴത്തിനു വിളിക്കാൻ നാസ്വിർ അൽ ഉറൈഫി എന്ന ഒരാളും അവിടെയുണ്ട്. പിതാവിെൻറ പാരമ്പര്യം പിന്തുടരുകയാണ് ഇയാൾ. പണ്ടത്തെ റമദാൻ സ്മരണകൾ പുതുതലമുറക്ക് പകരുകയുമാണ്. റമദാൻ കീർത്തനങ്ങൾ ഉച്ചത്തിൽ പാടിയും അത്താഴ സമയമറിയിച്ചുമുള്ള ഇയാളുടെ വരവ് കുട്ടികൾക്ക് ഹരമാണ്. റമദാെൻറ ഒരോ രാത്രികളിലും ഇയാളുടെ വരവ് ജാലകക്കാഴ്ചയാണീ നാട്ടുകാർക്ക്. റമദാനായാൽ അത്താഴം മുട്ട് സൗദി അറേബ്യയിൽ പ്രത്യേകിച്ച് അൽ അഹ്സ മേഖലയിൽ പണ്ട് കാലം മുതലേ നിലനിന്നിരുന്ന സമ്പ്രദായമാണ്. ‘മുസ്ഹറാതീ’ ‘അബൂ ത്വബീല’ എന്നാണ് ഇങ്ങനെയുള്ളവരെ വിളിച്ചിരുന്നത്. സുബ്ഹി ബാങ്കിന് രണ്ട് മണിക്കൂർ മുമ്പാണ് ഇവരുടെ വരവ്. അത്താഴത്തിന് ഇവരെ പ്രതീക്ഷിക്കുക അക്കാലത്ത് ആളുകളുടെ പതിവാണ്.
പണ്ട് വീടുകൾ കുറവായതിനാൽ ഒരോ വീടിെൻറയും കവാടങ്ങളിലെത്തി വീട്ടുകാരെൻറ പേര് വിളിച്ചായിരുന്നു അത്താഴത്തിന് ഉണർത്തിയിരുന്നത്. എന്നാലിപ്പോൾ വീടുകളുടെ എണ്ണം കൂടിയപ്പോൾ പ്രദേശത്തെ ഗോത്രങ്ങളുടെയും അറിയപ്പെടുന്ന ആളുകളുടെയും പേരുകൾ വിളിച്ചാണ് ഉണർത്തുന്നത്. പ്രതിഫലമെന്നും ഇവർ ആവശ്യപ്പെടാറില്ലെങ്കിലും പെരുന്നാൾ ദിവസം ചെണ്ടയുമായി ഒരോ വീടുകളിലുമെത്തും. ആ ദിവസം ആളുകൾ കാശും ഉപഹാരങ്ങളും നൽകുക പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
