ബുറൈദ ഈന്തപ്പഴ മേള: ഔദ്യോഗിക ഗതാഗത പങ്കാളിയായി സൗദി റെയിൽവേ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ‘ബുറൈദ ഈന്തപ്പഴ മേള 2026’-െൻറ ഔദ്യോഗിക ഗതാഗത പങ്കാളിയായി സൗദി റെയിൽവേയെ പ്രഖ്യാപിച്ചു. രാജ്യത്തിെൻറ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ വലിയ ചലനം സൃഷ്ടിക്കുന്ന ദേശീയ പരിപാടികൾക്ക് സൗദി റെയിൽവേ നൽകി വരുന്ന പ്രതിബദ്ധതയുടെയും പിന്തുണയുടെയും ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.
ഖസീം ഗവർണറും ബുറൈദ ഈന്തപ്പഴ മേള സുപ്രീം കമ്മിറ്റി ചെയർമാനുമായ അമീർ ഡോ. ഫൈസൽ ബിൻ മിശ്അലിെൻറ രക്ഷാകർതൃത്വത്തിലും നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ നേതൃത്വത്തിലുമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിലെ വാണിജ്യ-വിനോദസഞ്ചാര രംഗങ്ങൾക്ക് ഊർജ്ജം പകരുന്നതിനും ഈന്തപ്പഴ ഉൽപ്പാദനത്തിലും വിപണനത്തിലും ആഗോളതലത്തിൽ ബുറൈദയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുമായി ഖസീം ഗവർണറുടെ നേതൃത്വത്തിൽ ഒപ്പുവെക്കുന്ന തന്ത്രപ്രധാന പങ്കാളിത്തങ്ങളുടെ പരമ്പരയിലെ പ്രധാന നാഴികക്കല്ലാണിത്.
ആഗസ്റ്റ് ഒന്നിന് ബുറൈദ ഡേറ്റ് സിറ്റിയിൽ ആരംഭിച്ച ഈ അന്താരാഷ്ട്ര മേള ഒക്ടോബർ 14 വരെ 75 ദിവസം നീണ്ടുനിൽക്കും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ലോകത്തിെൻറ ഇതര കോണുകളിൽനിന്നുമായി ആയിരക്കണക്കിന് കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും സന്ദർശകരുമാണ് ഈ മേളയിലേക്ക് എത്തിച്ചേരുന്നത്.
സൗദി റെയിൽവേയുടെ ഈ സഹകരണത്തിലൂടെ ഖസീം മേഖലയിലേക്കും കർണിവൽ വേദിയിലേക്കുമുള്ള യാത്രാസൗകര്യങ്ങൾ കൂടുതൽ സുഗമവും സുരക്ഷിതവുമാകും. രാജ്യത്തിെൻറ ഗതാഗത മേഖലയും പ്രമുഖ സാമ്പത്തിക പരിപാടികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതോടൊപ്പം, മേളയോടനുബന്ധിച്ചുള്ള വാണിജ്യ-വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാനും സന്ദർശകർക്ക് മികവുറ്റ യാത്രാനുഭവം സമ്മാനിക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

