റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചുകയറരുത്
text_fieldsറിയാദ്: റെയിൽവേ ട്രാക്കുകളിലും അനുബന്ധ മേഖലകളിലും അതിക്രമിച്ചു കയറുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. നിയമലംഘകർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്ന് സൗദി റെയിൽവേ (സാർ) വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഈ രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സുരക്ഷാ നിലവാരം ഉയർത്തുന്നതിനായി സൗദി റെയിൽവേ വിപുലമായ ബോധവത്കരണ പരിപാടികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച ‘സെയ്ഫർ ഫോർ യു’ കാമ്പയിൻ ഇപ്പോൾ സജീവമായി തുടരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുക എന്നതാണ് ഈ ദേശീയ സംരംഭത്തിന്റെ ലക്ഷ്യം. റെയിൽവേ പാതകളിലെ കൈയേറ്റങ്ങൾ തടയുന്നതിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കാനാണ് സൗദി റെയിൽവേ ശ്രമിക്കുന്നത്. റെയിൽവേ ലൈനുകൾക്ക് സമീപം താമസിക്കുന്നവർ, കന്നുകാലി ഉടമകൾ, ആട്ടിടയന്മാർ, മരുഭൂമിയിൽ തമ്പുകൾ അടിച്ച് താമസിക്കുന്നവർ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്കാണ് പ്രധാനമായും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്. റെയിൽവേ നിയമങ്ങൾ പാലിക്കുന്നത് വ്യക്തികളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുമുതൽ സംരക്ഷിക്കാനും സഹായിക്കുമെന്ന് സൗദി റെയിൽവേ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

