സൗദി റെയിൽവേ ഗതാഗത മേഖലയിൽ കഴിഞ്ഞ വർഷം 40.9 ശതമാനം വർധന; 2024 ൽ മൊത്തം യാത്രക്കാരുടെ എണ്ണം 4.27 കോടിയിലെത്തി
text_fieldsറിയാദ്: സൗദി അറേബ്യയിലെ റെയിൽവേ ഗതാഗത മേഖലയിൽ 2024 ൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ജി.എ.എസ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യാത്രക്കാരുടെയും ചരക്കുകളുടെയും എണ്ണത്തിൽ റെക്കോർഡ് വളർച്ചയാണ് രാജ്യം കൈവരിച്ചത്. 2023 വർഷത്തെ അപേക്ഷിച്ച് 40.9 ശതമാനം വർധനവോടെ 2024 ൽ ആകെ യാത്രക്കാരുടെ എണ്ണം 4.27 കോടിയിലെത്തി. 72.8 ശതമാനവുമായി യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ നഗരങ്ങൾക്കുള്ളിലെ ട്രെയിനുകളെയാണ് ആശ്രയിച്ചത്.
അതേസമയം നഗരങ്ങൾ തമ്മിലുള്ള ട്രെയിനുകളിൽ 27.2 ശതമാനം യാത്രക്കാർ സഞ്ചരിച്ചു. 2024 വർഷം മുഴുവനും 35,600 ട്രിപ്പുകളിലായി 1.25 കോടി കിലോമീറ്ററിലധികം ദൂരമാണ് ട്രെയിനുകൾ യാത്രക്കാർക്ക് വേണ്ടി ഓടിയത്. 2024 ലെ ആകെ യാത്രക്കാരുടെ 36.7 ശതമാനം പേർ യാത്ര ചെയ്ത നാലാം പാദത്തിലാണ് ഏറ്റവും ഉയർന്ന തിരക്ക് അനുഭവപ്പെട്ടത്.
ചരക്ക് ഗതാഗതത്തിന്റെ കാര്യത്തിലും റെയിൽവേ വൻനേട്ടം കൊയ്തു. 2023നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയോടെ ഏകദേശം 1.56 കോടി ടൺ ചരക്കാണ് റെയിൽ വഴി നീക്കിയത്. 6,807 ട്രെയിൻ ട്രിപ്പുകളിലായി 63 ലക്ഷം കിലോമീറ്റർ ദൂരമാണ് ചരക്കുനീക്കത്തിനായി ട്രെയിനുകൾ കവർ ചെയ്തത്. ഖനന ഉൽപ്പന്നങ്ങളാണ് ചരക്ക് നീക്കത്തിൽ മുൻപന്തിയിൽ. ബോക്‌സൈറ്റ് (33.7 ശതമാനം) ആയിരുന്നു ഏറ്റവും കൂടുതൽ കയറ്റി അയച്ച ചരക്ക്. തൊട്ടുപിന്നിൽ ഫോസ്ഫേറ്റുകൾ (30.7 ശതമാനം) രണ്ടാമതും, ഫോസ്ഫോറിക് ആസിഡ് (14.2 ശതമാനം) മൂന്നാമതും എത്തി. ആകെ ചരക്ക് നീക്കത്തിന്റെ 28.5 ശതമാനം രേഖപ്പെടുത്തിയ മൂന്നാം പാദത്തിലാണ് ഏറ്റവും കൂടുതൽ ചരക്ക് ഗതാഗതം നടന്നത്. 2024 ൽ ഏകദേശം 8,87,900 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം കൂടുതലാണ്.
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിലും കാര്യമായ വളർച്ചയുണ്ടായി. നഗരങ്ങൾ തമ്മിലുള്ള യാത്രാ സ്റ്റേഷനുകളുടെ എണ്ണം 15 ആയി ഉയർന്നു. ഇവയിൽ 93 ലോക്കോമോട്ടീവുകളും 673 കാറുകളുമുണ്ട്. ഇത് 2023നെ അപേക്ഷിച്ച് 20.4 ശതമാനം വർധനവാണ്.
ചരക്ക് സ്റ്റേഷനുകളുടെ എണ്ണം 12 ആയപ്പോൾ, ഇവിടെ 175 ലോക്കോമോട്ടീവുകളും 3,384 കാറുകളും വിന്യസിച്ചിട്ടുണ്ട്. ഇത് 10.8 ശതമാനം വർധനവാണ് കാണിക്കുന്നത്. നഗരങ്ങൾക്കുള്ളിലെ ട്രെയിൻ സ്റ്റേഷനുകളുടെ എണ്ണം 110 ൽ എത്തി. ഈ കണക്കുകൾ സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ രാജ്യം കൈവരിച്ച സുപ്രധാന വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

