മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യം; സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യയും ഖത്തറും തമ്മിൽ ഉന്നതതല ചർച്ച നടന്നു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ടെലിഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ഈ നയതന്ത്ര ചർച്ചയിൽ, മേഖലയിലെ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ വിശദമായി സംസാരിച്ചു. മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പുതിയ നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ വിഷയമായി.
സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സഹകരണം മേഖലയുടെ മൊത്തത്തിലുള്ള സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷവും ചർച്ചയിൽ അടിവരയിട്ടു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ മന്ത്രിമാർ, ഭാവിയിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സമാധാനപരമായ പരിഹാരങ്ങളെക്കുറിച്ചും ധാരണയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

