സൗദി-ഖത്തർ യാത്രക്ക് മാനദണ്ഡങ്ങൾ പുറത്തിറക്കി
text_fieldsദോഹ: ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കിയതായി ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസാണ് (ജി.സി.ഒ) അറിയിച്ചു.സൗദിയിലേക്കും തിരിച്ചുമുള്ള പ്രവേശനത്തിനും ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിലുള്ള ഖത്തറിെൻറ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
സൗദിയിൽനിന്ന് ഖത്തറിലേക്ക് വരുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതനല്ലെന്നുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്കാരൻ കരുതണം. എല്ലാവരും ഖത്തറിലെത്തിയാലുടൻ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. യാത്ര പുറെപ്പടുന്നതിന് മുമ്പുതന്നെ 'ഡിസ്കവർ ഖത്തർ' പോർട്ടൽ വഴി ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം. ഇനി ഖത്തറിൽനിന്ന് അബൂസംറ വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ തിരിച്ച് ഖത്തറിലെത്തി ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.
ഇതിനായുള്ള ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് നടത്തിയ രേഖകൾ ഖത്തറിൽനിന്ന് പുറത്തുപോകുന്നതിനുമുമ്പ് തന്നെ കാണിക്കണം. ഹോട്ടൽ ക്വാറൻറീനിൽ കഴിയുമെന്നും കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുമെന്നുമുള്ള പ്രതിജ്ഞാപത്രത്തിൽ രാജ്യത്ത് എത്തുന്ന എല്ലാവരും ഒപ്പിട്ടുനൽകണം. ഇഹ്തിറാസ് ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഈ നടപടികൾ ആഗോളതലത്തിലുള്ള കോവിഡ് കാര്യങ്ങൾ വിലയിരുത്തി മാറാവുന്നതാണെന്നും ജി.സി.ഒ അറിയിച്ചു.

