ഹജ്ജ് നിയമലംഘകർക്കെതിരെ കർശന നടപടിയുമായി സൗദി പൊതുസുരക്ഷാ വിഭാഗം
text_fieldsമക്ക: ഹജ്ജ് സീസൺ അടുത്തിരിക്കെ നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും കർശനമാക്കി സൗദി അറേബ്യൻ പൊതുസുരക്ഷാ വിഭാഗം. അനധികൃത ഹജ്ജ് സർവീസുകൾ, വ്യാജ പരസ്യങ്ങൾ എന്നിവക്കെതിരെ രാജ്യമൊട്ടാകെ സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എല്ലാ തീർഥാടകരോടും താമസക്കാരോടും അധികൃതർ നിർദേശിച്ചു. ഹജ്ജ് നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം അഭ്യർത്ഥിച്ചു.
അതേസമയം, ഹജ്ജ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ ഈജിപ്ത് സ്വദേശിയെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വ്യാജ അനുമതി പത്രങ്ങൾ വാഗ്ദാനം ചെയ്തും, സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പിടിയിലായ പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം ഹജ്ജ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

