സൗദി പൊതുനിക്ഷേപ നിധി; കഴിഞ്ഞ വർഷത്തെ ലാഭം 85.7ശതകോടി
text_fieldsയാംബു: സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) വിവിധ നിക്ഷേപങ്ങളിലൂടെ 2021ൽ 85.7 ശതകോടി റിയാൽ ലാഭം നേടിയതായി റിപ്പോർട്ട്. 2020ൽ 76.1 ശതകോടി റിയാലായിരുന്നു ലാഭം. 2021ൽ കൈവരിച്ച മൊത്തം 2221.2 ശതകോടി റിയാൽ വരുമാനത്തിൽ 145 ശതകോടി റിയാൽ 'സാബിഖ്' കമ്പനിയുടെ ഉൽപാദനത്തിൽനിന്നുള്ള അസാധാരണ ലാഭമാണെന്നും പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. പുതിയ നിക്ഷേപങ്ങൾ വർധിപ്പിക്കുകയും 'സാംബ' ബാങ്കിനെ 'നാഷനൽ ബാങ്ക് ഓഫ് സൗദി'യുമായി ലയിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അതിന്റെ ആസ്തികളുടെ മൂല്യം 479 ശതകോടി റിയാലായി വർധിച്ചു. ഇത് 23 ശതമാനത്തിലധികം വളർച്ചയായി കണക്കാക്കുന്നു.
അഞ്ചു വർഷത്തെ നിക്ഷേപപദ്ധതികൾ ആവിഷ്കരിച്ചതു കൊണ്ടും പ്രാദേശികമായും ആഗോളതലത്തിലും നിക്ഷേപിക്കാൻ ലഭ്യമായ അവസരങ്ങൾ പരമാവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതുമാണ് ഇത്രയും ലാഭമുണ്ടാക്കാൻ കഴിഞ്ഞതെന്ന് പി.ഐ.എഫ് ഗവർണർ യാസിർ അൽ റുമയ്യാൻ പറഞ്ഞു. വിപണിയിലെ സമകാലീന വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞതും ആസ്തികളുടെ വളർച്ച ത്വരിതപ്പെടുത്താൻ സാധിച്ചു. അന്താരാഷ്ട്ര വിപണികളിൽ ഫലപ്രദമായി നടത്തിയ നിക്ഷേപങ്ങൾ പി.ഐ.എഫിന്റെ വരുമാനവും ആസ്തി മൂല്യവും ഉയർത്താൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷം പി.ഐ.എഫിനു കീഴിലുള്ള ആസ്തികൾ 20 ശതമാനം വർധിപ്പിച്ച് ഏകദേശം 1980 ശതകോടി റിയാലിലെത്തിക്കാൻ കഴിഞ്ഞു. ഏറ്റവും ഉയർന്ന വാർഷിക നിരക്കാണിത്. ലോകത്തെ ഏറ്റവും വലിയ പരമാധികാര നിധികളിൽ പി.ഐ.എഫ് മികച്ച സ്ഥാനത്ത് നിൽക്കുന്നു.
ആസ്തി ഉയർത്താൻ ദേശീയ പരിവർത്തന പദ്ധതി നേരത്തേ ലക്ഷ്യംവെച്ചിരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതും ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

