സൗദി പൊതുനിക്ഷേപ ഫണ്ട് ആസ്തി 4.3 ലക്ഷം കോടി റിയാലായി
text_fieldsറിയാദ്: സൗദി അറേബ്യയുടെ പൊതുനിക്ഷേപ പണ്ട് (പി.ഐ.എഫ്) 2024 സാമ്പത്തിക വർഷത്തിൽ ശക്തമായ സാമ്പത്തിക ഫലങ്ങൾ കൈവരിച്ചതായി റിപ്പോർട്ട്. മൊത്തം ആസ്തികൾ 18 ശതമാനം വർധിച്ച് 4.321 ലക്ഷം കോടി സൗദി റിയാലായി ഉയർന്നു. മുൻ വർഷം 3.664 ലക്ഷം കോടി റിയാലായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഫണ്ട് അതിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നത് തുടരുകയാണ്.
ഫണ്ടിന്റെ മൊത്തം വരുമാനം 25 ശതമാനം വർധിച്ച് 413 ശതകോടി റിയാലായി. മുൻ വർഷം ഇത് 331 ശതകോടി റിയാലായിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പി.ഐ.എഫ് പുറത്തിറക്കിയ 2024 ഏകീകൃത വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകൾ. പി.ഐ.എഫിന് കീഴിൽ ആരംഭിച്ച വിവിധ കമ്പനികളുടെ വരുമാനത്തിലുണ്ടായ വർധനയാണ് ഇതിന് പ്രധാന കാരണം. ആരാംകോ ഡിവിഡന്റുകൾക്ക് പുറമേ സാവി ഗെയിംസ്, സൗദി അറേബ്യൻ മൈനിങ് കമ്പനി, സൗദി ടെലികോം കമ്പനി, നാഷനൽ കമേഴ്ഷ്യൽ ബാങ്ക്, ഏവിയേഷൻ ലീസിങ് കമ്പനി, ഗൾഫ് ഇന്റർനാഷനൽ ബാങ്ക് എന്നിവ വരുമാന വളർച്ചയുണ്ടാക്കിയ കമ്പനികളാണ്. കൂടാതെ ചില പ്രധാന പദ്ധതികളിൽനിന്നുണ്ടായ ആദായവും വരുമാനം വർധനക്ക് കാരണമായി.
2024ൽ പി.ഐ.എഫ് 26 ശതകോടി സൗദി റിയാലിന്റെ അറ്റാദായം നേടി നിക്ഷേപങ്ങളിൽ സ്ഥിരമായ വരുമാനം നേടിക്കൊണ്ടിക്കുന്നു. ആഗോള സാമ്പത്തിക വെല്ലുവിളികളായ പലിശനിരക്കുകളിലെയും പണപ്പെരുപ്പത്തിലെയും വർധന, പ്രവർത്തന പദ്ധതികളിലെ മാറ്റങ്ങളും മൊത്തം ആസ്തിയുടെ രണ്ടു ശതമാനത്തിൽ താഴെ കണക്കാക്കിയ ചെലവുകളുടെ വർധനവും മൂലമുള്ള ചില പദ്ധതികളുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ അറ്റാദായത്തെ ബാധിച്ചിട്ടുണ്ട്. നിക്ഷേപ തലത്തിൽ ഫണ്ട് ഒരേ വർഷം തന്നെ നിരവധി സുപ്രധാന മേഖലകളിൽ പ്രത്യേകിച്ച് ടൂറിസത്തിലും വിനോദത്തിലും ഗണ്യമായ വികാസം കൈവരിച്ചു. പല പുതിയ കമ്പനികളും പദ്ധതികളും ആരംഭിച്ചു. ഇതെല്ലാം വരുമാനം വർധിക്കാൻ കാരണമായതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

