സൗദിയിൽ നട്ടുച്ചക്കുള്ള പുറംപണി നിരോധിച്ചു
text_fieldsജിദ്ദ: നട്ടുച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിലുള്ള തൊഴിൽ നിരോധം ജൂൺ 15 മുതൽ നടപ്പാക്കാൻ സൗദി മാനവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പതിവുപോലെ ഇത്തവണയും ജൂൺ 15 മുതൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ നിരോധമേർപ്പെടുത്തുന്നത്.
ഉച്ച 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള നിരോധനം സെപ്റ്റംബർ 15 വരെ തുടരും. എന്നാൽ നട്ടുച്ച ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭാ തീരുമാനത്തിൽ നിന്ന് എണ്ണ, ഗ്യാസ് കമ്പനികളിലെ തൊഴിലാളികളെയും അടിയന്തിര അറ്റകുറ്റപണി നടത്തുന്ന തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ജോലിയിലേർപ്പെടുന്നവർക്ക് സൂര്യാതപത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശത്തിലുണ്ട്.
രാജ്യത്തെ ചില മേഖലകളിൽ താപനില കുറയുന്നതിനാൽ അങ്ങനെയുള്ള മേഖലകളിലും തീരുമാനം ബാധകമാകില്ല. പുറംജോലികൾ നടത്തിവരുന്ന മുഴുവൻ സ്ഥാപനങ്ങളും മന്ത്രാലയ തീരുമാനമനുസരിച്ച് തൊഴിൽ സമയം ചിട്ടപ്പെടുത്തണമെന്നും തൊഴിലിടങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതത് മേഖല ഒാഫിസ് മേധാവികൾ തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
