ദുബൈ ഡിസൈൻ മേളയിൽ ശ്രദ്ധേയമായി സൗദി ഉൽപന്നങ്ങൾ
text_fieldsദുബൈയിൽ നടക്കുന്ന ഡിസൈൻ മേള
യാംബു: ഈ മാസം എട്ടു മുതൽ 11 വരെ ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിയേറ്റിവ് ഡിസൈൻ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി സൗദി ഉൽപന്നങ്ങൾ. വ്യവസായ വാണിജ്യ മേഖലയിൽ അനന്ത സാധ്യതകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്താറുള്ള അന്താരാഷ്ട്ര മേളയുടെ 10ാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 250ലധികം പ്രദർശന ബ്രാൻഡുകളും നിർമാതാക്കളും ഡിസൈനർമാരും അവരുടെ നിർമിതികൾ പ്രദർശിപ്പിക്കുന്നു.
മേളയിലെ സജീവ സാന്നിധ്യം പ്രകടമാക്കി സൗദി ഉൽപന്നങ്ങൾ സന്ദർശകരെ ആവോളം ആകർഷിക്കുന്നു. സൗദിയിലെ വ്യവസായിക ഡിസൈനർമാരുടെ സർഗാത്മകതയും കഴിവും പ്രതിഫലിപ്പിക്കുന്ന ഉൽപന്നങ്ങൾ സൗദിയിൽ രൂപകൽപന ചെയ്തത് എന്ന ലേബലിൽ ‘ഡൗൺടൗൺ ഡിസൈൻ മേള’യിൽ പ്രദർശിപ്പിക്കുന്നുണ്ട്. സൗദി ഡിസൈനർമാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോം നൽകാനാണ് സൗദിയുടെ ‘ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കമീഷൻ’ ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ വ്യവസായിക ഡിസൈൻ മേഖലയെ ഉത്തേജിപ്പിക്കാൻ മേള ഫലം ചെയ്യുമെന്ന് വിലയിരുത്തുന്നു. അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെ പാനൽ സമഗ്രമായ വിലയിരുത്തലിന് വിധേയമാക്കിയാണ് സൗദി ഉൽപന്നങ്ങൾ മേളയിൽ പ്രദർശനത്തിനെത്തിച്ചത്. സൗദി ഡിസൈനർമാർക്ക് ലോകത്തെ വിവിധ ഡിസൈനർമാരുമായി ആശയവിനിമയം നടത്താനും അനുഭവങ്ങൾ കൈമാറാനും മേള പ്രയോജനപ്പെടുന്നു. ഡിസൈൻ വിദഗ്ധർ, പരിശീലകർ, വിദ്യാർഥികൾ, സ്റ്റുഡിയോകൾ, കമ്പനികൾ എന്നിവരെ ആകർഷിക്കുന്ന മേള മിഡിൽ ഈസ്റ്റിലെ സമകാലിക രൂപകൽപനയും പുതുമകളും പ്രദർശിപ്പിക്കുന്നു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള 11 കമീഷനുകളിൽ ഒന്നെന്ന നിലയിൽ, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കമീഷൻ ഈ മേഖല വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകാനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. സൗദി വിഷൻ 2030 ലക്ഷ്യം വെക്കുന്ന സൗദിയുടെ സാംസ്കാരിക മേഖലയിലെ മികച്ച മുന്നേറ്റത്തിന് ദുബൈ ഡിസൈൻ മേളയിലെ രാജ്യത്തിന്റെ പങ്കാളിത്തം ഏറെ ഫലം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

