കിരീടാവകാശിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും ചർച്ച നടത്തി
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച റിയാദിൽ യു.എസ് സെൻട്രൽ കമാൻഡ് മേധാവിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചപ്പോഴായിരുന്നു ചർച്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളും, പ്രത്യേകിച്ച് സൈനിക-പ്രതിരോധ മേഖലയിലെ സഹകരണവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രാദേശിക സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ചീഫ് ഓഫ് ജനറൽ സ്റ്റാഫും സംയുക്ത സേനാ ആക്ടിങ് കമാൻഡറുമായ ജനറൽ ഫയാദ് ബിൻ ഹമീദ് അൽറുവൈലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും അഡ്മിറൽ ബ്രാഡ് കൂപ്പറും പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും, മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള മാർഗങ്ങളും പൊതുതാൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി.

