പ്രവാസി മലയാളിക്ക് ഉൗഷ്മള യാത്രയയപ്പ് നൽകി സൗദി പൊലീസ് ഇൻസ്പെക്ടർ
text_fieldsറിയാദ്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ പ്രവാസി മലയാളിക്ക് ഉൗഷ്മള യാത്രയയപ്പ് നൽകാൻ അവസാനനിമിഷം ഒരു വിശിഷ്ട വ്യക്തിയെത്തി. പ്രദേശത്തെ സൗദി പൊലീസ് ഇൻസ്െപക്ടറായിരുന്നു അത്. ദവാദ്മിയിൽ 34 വർഷമായി ലഘുഭക്ഷണശാല (ബൂഫിയ) നടത്തിയിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് കുട്ടി എന്ന കുട്ടിക്കാണ് (55) ദവാദ്മി പൊലീസ് ഇൻസ്പെക്ടർ ആയിഷ് ഷറാഹ് നഫീഹിയുടെ യാത്രയയപ്പ് ലഭിച്ചത്. 34 വർഷവും ഒരേ കെട്ടിടത്തിൽ സ്ഥാപനം നടത്തിയിരുന്ന കുട്ടിക്ക സ്വദേശികൾക്കിടയിലും ‘കുട്ടിക്ക’ തന്നെയായിരുന്നു. സ്വദേശികളും വിദേശികളും ഒരുപോലെ കുട്ടിക്കയുടെ സ്നേഹം ഏറ്റുവാങ്ങിയിരുന്നു. ദവാദ്മിയിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടന നോക്കാതെ ഇടപെട്ടിരുന്നു കുട്ടിക്ക. ആരുമായും വഴക്കിനോ പ്രശ്നങ്ങൾക്കോ പോകാതിരുന്ന കുട്ടിക്ക എല്ലാവരുടെയും ആദരവ് നേടിയെടുത്തിരുന്നു.
സ്വദേശികളായ പല ഉദ്യോഗസ്ഥരുടെയും സ്കൂൾ പഠനകാലത്തെ പ്രഭാതഭക്ഷണം കുട്ടിക്കയുടെ കടയിൽ നിന്നായിരുന്നെന്നു ഇപ്പോഴും പറയാറുണ്ട്. രണ്ടു വർഷം മുമ്പ് മകനെയും കുട്ടിക്ക സഹായത്തിനായി ബൂഫിയയിലേക്ക് കൊണ്ടുവന്നിരുന്നു. എട്ടു മാസം മുമ്പ് സഹോദരൻ ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചതു മുതൽ കുട്ടിക്ക നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. കുട്ടിക്കയുടെ യാത്രയയപ്പ് വിവരമറിഞ്ഞ് ദവാദ്മി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും മുഹമ്മദ് ഇക്കയുടെ ബൂഫിയയിലെ സ്ഥിരം ഉപഭോക്താവുമായ ആയിഷ് ഷറാഹ് നഫീഹി സമ്മാനങ്ങളുമായി എത്തുകയായിരുന്നു. അത് തെൻറ പ്രവാസത്തിലെ ഏറ്റവും മാധുര്യം നിറഞ്ഞ അനുഭവും സമ്മാനിച്ചു കുട്ടിക്കക്ക്. മകനോടൊപ്പം അദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിമാനം കയറി. നാട്ടിൽ ഭാര്യ സുബൈദയും നാലുമക്കളുമാണുള്ളത്. യാത്രയയപ്പ് ചടങ്ങിൽ ഹുസൈൻ, റിയാസ്, സിദ്ദിഖ്, സാദ് ചേളാരി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.