മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ തിളങ്ങി സൗദി പവലിയൻ
text_fieldsമോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിലെ സൗദി പവലിയൻ
റിയാദ്: 2026 ലെ മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി അറേബ്യയുടെ സജീവ സാന്നിധ്യമായി സൗദി പവലിയൻ ശ്രദ്ധ നേടുന്നു. റഷ്യൻ തലസ്ഥാനത്ത് ആരംഭിച്ച പുസ്തകമേള സെപ്റ്റംബർ ആറ് വരെയാണ് നീണ്ടുനിൽക്കുന്നത്. സൗദി സാഹിത്യ, പ്രസാധന, വിവർത്തന കമ്മീഷൻ നയിക്കുന്ന ഈ പവലിയനിൽ പത്ത് സർക്കാർ, സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.
സൗദിയുടെ സാഹിത്യ-സാംസ്കാരിക രംഗങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുക, പ്രസിദ്ധീകരണ മേഖലകളിൽ പുതിയ സഹകരണ വഴികൾ തുറക്കുക, രാജ്യത്തെ സർഗപ്രതിഭകൾക്കും പ്രസാധകർക്കും അന്താരാഷ്ട്ര വേദി ഒരുക്കുക എന്നിവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കിങ് ഫഹദ് നാഷനൽ ലൈബ്രറി, കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ഫോർ എൻഡോവ്ഡ് ലൈബ്രറീസ്, ദാറത് കിങ് അബ്ദുൽ അസീസ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം, കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സ് എന്നിവ പവലിയനിലെ പ്രധാന സ്ഥാപനങ്ങളാണ്.
കൂടാതെ, കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ നാഷനൽ ഡയലോഗ്, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂണിവേഴ്സിറ്റി, അമീർ മുഹമ്മദ് ബിൻ സൽമാൻ സെൻറർ ഫോർ അറബിക് കാലിഗ്രാഫി, തുർക്കിയിലെ സൗദി കൾച്ചറൽ അറ്റാഷെ എന്നിവയും മേളയിൽ പങ്കാളികളാകുന്നുണ്ട്. സൗദിയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങളുടെ ആഴമാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് സാഹിത്യ, പ്രസാധന, വിവർത്തന കമ്മീഷൻ സി.ഇ.ഒ ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽവാസിൽ വ്യക്തമാക്കി.
രാജ്യത്തെ സാഹിത്യ-ജ്ഞാന മേഖലയിലെ മുന്നേറ്റങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത് അവസരമൊരുക്കുന്നു. സൗദി വിഷൻ 2030-ൻറെ ഭാഗമായി സാംസ്കാരിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി, രാജ്യത്തിൻറെ ബൗദ്ധികവും സർഗാത്മകവുമായ വൈവിധ്യത്തെയാണ് പവലിയൻ അടയാളപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേള നടക്കുന്ന ദിവസങ്ങളിൽ സൗദി സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം എന്നിവ ചർച്ച ചെയ്യുന്ന സെമിനാറുകൾ, ചർച്ചാ സമ്മേളനങ്ങൾ, കാവ്യസന്ധ്യകൾ എന്നിവയും ഇതിൻറെ ഭാഗമായി നടക്കുന്നുണ്ട്.
സാംസ്കാരിക-ജ്ഞാന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എഴുത്തുകാർ, പ്രസാധകർ, വിവിധ സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള ആശയവിനിമയങ്ങളും സാംസ്കാരിക കൈമാറ്റങ്ങളും ശക്തിപ്പെടുത്താനും കമ്മീഷൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

