ജപ്പാനിലെ ‘ഒസാക്ക വേൾഡ് എക്സ്പോ: 2025’ൽ സൗദി പവിലിയൻ ഒരുങ്ങുന്നു
text_fieldsജപ്പാനിലെ ഒസാക്കയിൽ ‘എക്സ്പോ 2025’ന് വേണ്ടിയൊരുങ്ങുന്ന സൗദി പവിലിയൻ
റിയാദ്: ജപ്പാനിലെ ഒസാക്കയിൽ നടക്കാൻ പോകുന്ന ‘എക്സ്പോ 2025’ലെ സൗദി പവിലിയന്റെ ഒരുക്കം പുരോഗമിക്കുന്നു. അവസാനഘട്ട ഒരുക്കം ജപ്പാനിലെ സൗദി അംബാസഡർ ഡോ. ഗാസി ബിൻ ഫൈസൽ ബിൻ സഖർ പരിശോധിച്ചു. പവിലിയൻ ആസ്ഥാനത്ത് എത്തിയ അംബാസഡർ അന്തിമ തയാറെടുപ്പുകൾ അവലോകനം ചെയ്തു. സൗദി പവിലിയൻ ടീം നടത്തിയ പരിശ്രമത്തിൽ അഭിമാനം പ്രകടിപ്പിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ പവലിയൻ അതിന്റെ വർധിച്ചുവരുന്ന ആഗോള സാന്നിധ്യം ഉൾക്കൊള്ളുന്നുവെന്നും വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം എന്നിവക്കായുള്ള ഒരു മുൻനിര കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നുവെന്നും അംബാസഡർ ഊന്നിപ്പറഞ്ഞു. സൗദിയും ജപ്പാനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ അന്താരാഷ്ട്ര പരിപാടിയിൽ സൗദി പങ്കാളിത്തമെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.
പവലിയൻ ലോകമെമ്പാടുമുള്ള സന്ദർശകരെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം, അതിന്റെ ഊർജ്ജസ്വലമായ വർത്തമാനം, അതിമോഹമായ ഭാവി എന്നിവ കണ്ടെത്തുന്നതിന് ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ നീളുന്നതാണ് ഒസാക്കയിലെ എക്സ്പോ 2025. ഇതിലേക്ക് സന്ദർശകരെ വരവേൽക്കാൻ സൗദി പവിലിയൻ ഒരുങ്ങുകയാണ്. വൈവിധ്യമാർന്ന സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് പുറമേ സംഗീത, നാടകാവതരണങ്ങൾ, സിനിമാപ്രദർശനം, പെർഫോമിങ് ആർട്സ്, കഥപറച്ചിൽ എന്നിവയുൾപ്പെടെ 700ലധികം പരിപാടികൾ പവലിയനിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

