ബീജിങ് അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായി സൗദി പങ്കാളിത്തം
text_fieldsബീജിങ് അന്താരാഷ്ട്ര പുസ്തകമേളയിലെ സൗദി പവിലിയൻ
റിയാദ്: ചൈനീസ് തലസ്ഥാനത്ത് ആരംഭിച്ച ബീജിങ് അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി അറേബ്യയുടെ വിപുലമായ സാഹിത്യ, സാംസ്കാരിക പങ്കാളിത്തം. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസ്ലേഷൻ ജനറൽ അതോറിറ്റിയാണ് രാജ്യത്തെ നിരവധി സാംസ്കാരിക, ദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പവിലിയനും പരിപാടികളും ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച സൗദി പവിലിയൻ മേളയിലെ സന്ദർശകരെ ആകർഷിക്കുന്നു.
സൗദി-ചൈനീസ് സാംസ്aകാരിക വർഷമായി 2025-നെ ആചരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 18 മുതൽ 22 വരെയാണ് ബീജിങ്ങിലെ നാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കിങ് സൽമാൻ ഇന്റർനാഷനൽ അക്കാദമി ഫോർ ദ അറബിക് ലാംഗ്വേജ്, കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, കിങ് ഫഹദ് നാഷനൽ ലൈബ്രറി, സൗദിക്കും ചൈനക്കും ഇടയിൽ സാംസ്കാരിക സഹകരണത്തിനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ അവാർഡ് കമ്മിറ്റി, ട്രാൻസ്ലേഷൻ അസോസിയേഷൻ, പബ്ലിഷിങ് അസോസിയേഷൻ, നാശിർ പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയാണ് അതോറിറ്റിയുമായി സഹകരിക്കുന്നത്. ഇവയെല്ലാം പവിലിയനിൽ സ്വന്തം സ്റ്റാളുകളും പരിപാടികളുമായി അണിനിരന്നിട്ടുണ്ട്.
ഈ സഹകരണം സൗദിയുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതും അതിന്റെ ആഗോള സാന്നിധ്യം വർധിപ്പിക്കുന്നതുമാണ്.
വളർന്നുവരുന്ന സൗദി സാംസ്കാരിക പ്രസ്ഥാനത്തെ ഈ പവിലിയൻ അടയാളപ്പെടുത്തുന്നു. സൃഷ്ടിപരവും വൈജ്ഞാനികവുമായ മേഖലയിലെ വികസനങ്ങൾ എടുത്തുകാണിക്കുന്ന വൈവിധ്യമാർന്ന സാഹിത്യ-സാംസ്കാരിക ഉള്ളടക്കം പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര പ്രസിദ്ധീകരണ ഭൂപടത്തിൽ സൗദിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുന്നു. ഉള്ളടക്കം വികസിപ്പിക്കുന്നതിലും പ്രതിഭകളെ ശാക്തീകരിക്കുന്നതിലും പങ്കുവഹിക്കുന്നു. ഈ രംഗത്തെ സൗദി അനുഭവത്തെക്കുറിച്ച് മേളയിലെ സന്ദർശകർക്ക് മനസ്സിലാക്കാനും കഴിയുന്നു.
പതിറ്റാണ്ടുകളുടെ ദൃഢമായ സൗഹൃദവും തുടർച്ചയായ സഹകരണവും നിറഞ്ഞുനിൽക്കുന്ന സൗദിയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയെ പവിലിയൻ പ്രതിഫലിപ്പിക്കുന്നു.
ഇരു ജനതകളും തമ്മിൽ സാംസ്കാരികവും വൈജ്ഞാനികവുമായ കൈമാറ്റം വർധിപ്പിക്കാനുള്ള അവസരവുമാകുന്നു. പ്രദർശനത്തിലെ പങ്കാളിത്തത്തിലൂടെ ചൈനയുമായി സാംസ്കാരിക സഹകരണത്തിന്റെ പാലങ്ങൾ പണിയാനും വിവർത്തനം, പ്രസിദ്ധീകരണം, രചന എന്നീ മേഖലകളിൽ വിജ്ഞാന വിനിമയത്തിന്റെ വ്യാപ്തി വികസിപ്പിക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

