സൗദി ഓർക്കസ്ട്ര; മാസ്റ്റർപീസസ് സംഗീത കച്ചേരിയുടെ രണ്ടാം പതിപ്പ് വരുന്നു
text_fieldsസൗദി ഓർക്കസ്ട്ര മാസ്റ്റർപീസസ് സംഗീത കച്ചേരിയിൽനിന്ന്
റിയാദ്: സൗദി ദേശീയ ഓർക്കസ്ട്രയുടെ വിസ്മയ പ്രകടനവുമായി 'മാസ്റ്റർപീസസ്' റിയാദിൽ വീണ്ടും അരങ്ങേറുന്നു. സാംസ്കാരിക മന്ത്രിയും സംഗീത കമ്മീഷൻ ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഓർക്കസ്ട്ര മാസ്റ്റർപീസസ് സംഗീത കച്ചേരിയുടെ രണ്ടാം പതിപ്പിനാണ് റിയാദ് വേദിയാകുന്നത്. നവംബർ 13 വ്യാഴാഴ്ച മുതൽ തുടർച്ചയായ രണ്ട് ദിവസങ്ങളിലായി കിങ് ഫഹദ് കൾച്ചറൽ സെന്ററിലാണ് പരിപാടികൾ നടക്കുക.
സൗദി സംഗീതത്തിന് പ്രാദേശികമായി ശക്തി പകരുന്നതിനും ആഗോളതലത്തിൽ അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും സംഗീത കമ്മീഷൻ നടത്തുന്ന നിരന്തര ശ്രമങ്ങളെയാണ് 'സൗദി ഓർക്കസ്ട്ര മാസ്റ്റർപീസസ്' ഉയർത്തിക്കാട്ടുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ശേഷം സൗദി ദേശീയ ഓർക്കസ്ട്രയുടെയും കോയറിന്റെയും സർഗാത്മക യാത്രയുടെ തുടർച്ചയാണിത്. സൗദി അറേബ്യയുടെ സാംസ്കാരിക, കലാപരമായ വൈവിധ്യം ആഘോഷിക്കുന്ന ഈ അസാധാരണ പ്രകടനങ്ങൾ രാജ്യത്തെ പ്രേക്ഷകർക്ക് ഒരു മികച്ച അനുഭവമായിരിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 'സൗദി ഓർക്കസ്ട്ര മാസ്റ്റർപീസസ്' പാരീസിലെ തിയറ്റർ ഡു ഷാറ്റലെ, മെക്സിക്കോ സിറ്റിയിലെ നാഷനൽ തിയറ്റർ, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപറ ഹൗസ്, ലണ്ടനിലെ സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്റർ, ടോക്കിയോ ഓപറ സിറ്റി എന്നിവയുൾപ്പെടെ ലോകത്തെ ഏറ്റവും പ്രശസ്തമായ വേദികളിൽ എത്തിയിരുന്നു.
ഈ വർഷം ആദ്യം കിങ് ഫഹദ് കൾച്ചറൽ സെന്ററിൽ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞ മൂന്ന് പ്രകടനങ്ങൾക്ക് ശേഷം ഓർക്കസ്ട്ര റിയാദിൽ തിരിച്ചെത്തി.
തുടർന്ന് സിഡ്നി ഓപ്പറ ഹൗസിലേക്കും പാരീസിലെ പാലസ് ഓഫ് വെർസൈൽസിലേക്കും അവരുടെ ആഗോള പര്യടനം തുടർന്നു. രാജ്യത്തിന്റെ സർഗാത്മകതയും കലാപരമായ വളർച്ചയും പ്രതിഫലിക്കുന്ന പ്രചോദനാത്മകമായ സംഗീതാനുഭവം പ്രേക്ഷകർക്ക് നൽകാനാണ് ഈ പരിപാടിയിലൂടെ സംഗീത കമ്മീഷൻ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ സംഗീത ലോകത്തെ സമ്പന്നമാക്കാനും, രാജ്യത്തിന്റെ കലാപരമായ പൈതൃകം സംരക്ഷിക്കാനും, സൗദിയുടെ വികസിച്ചു വരുന്ന സാംസ്കാരിക മുന്നേറ്റത്തിന് അനുസൃതമായി ഈ സംഗീത പാരമ്പര്യം തലമുറകൾക്കിടയിൽ നിലനിർത്താനും ഈ സംരംഭം ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

