ചെങ്കടലിൽ സൗദി എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടിട്ടില്ല
text_fieldsറിയാദ്: ചെങ്കടലിൽ സൗദിയിൽനിന്നുള്ള എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കമ്പനിയുടമകൾ. ‘അംജദ്’ എന്ന തങ്ങളുടെ കപ്പലിനെ ഹൂതികൾ ആക്രമിച്ചെന്ന പ്രചാരണം സൗദി നാഷനൽ ഷിപ്പിങ് കമ്പനി (ബഹ്രി) നിഷേധിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ ടാങ്കർ കപ്പൽ തിങ്കളാഴ്ച ആക്രമണത്തിനിരയായ മറ്റൊരു ടാങ്കറിന് സമീപം ചെങ്കടലിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ ഇത് ആക്രമണത്തിനിരയായിട്ടില്ല.
നാശനഷ്ടങ്ങളോ ആളുകൾക്ക് പരിക്കോ ഉണ്ടായിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കപ്പൽ ഒരു തടസ്സവുമില്ലാതെ മുൻ നിശ്ചയപ്രകാരം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയും ചെയ്യുന്നുണ്ട്. ബഹ്രി കമ്പനി ഉടൻ ബന്ധപ്പെട്ട എല്ലാ അധികാരികളെയും വിവരമറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ സ്റ്റാഫുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും നാഷനൽ ഷിപ്പിങ് കമ്പനി പറഞ്ഞു. യമൻ തീരത്ത് തിങ്കളാഴ്ച രാവിലെയാണ് രണ്ട് എണ്ണക്കപ്പലുകൾ ഹൂതികൾ ആക്രമിച്ചതായി റിപ്പോർട്ട് വന്നത്.
ആദ്യത്തേത് പനാമ പതാക വഹിക്കുന്ന ‘ബ്ലൂ ലഗൂൺ ഐ’ കപ്പലും രണ്ടാമത്തേത് ഏത് കപ്പലാണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ രണ്ടാമത്തെ കപ്പൽ സൗദിയുടെ ‘അംജദ്’ എന്ന കപ്പലാണെന്ന് ചില ഏജൻസികൾ പ്രചരിപ്പിച്ചിരുന്നു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ചാവേർ ഡ്രോണും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് വിശദീകരണത്തിലുണ്ടായിരുന്നു.
എന്നാൽ തിങ്കളാഴ്ച വൈകീട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ‘ബ്ലൂ ലഗൂൺ ഐ’ എന്ന കപ്പലിനെ ലക്ഷ്യമിട്ടതിന്റെ ഉത്തരവാദിത്തം യമൻ ഹൂതി ഗ്രൂപ് ഏറ്റെടുത്തു. എന്നാൽ സൗദി ടാങ്കറിനെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

