സൗദി ഭരണാധികാരികൾ നിർദേശം നൽകി; ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കും
text_fieldsഗസ്സയിലേക്കുള്ള സൗദി അറേബ്യയുടെ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നു
റിയാദ്: ഗസ്സ മുനമ്പിലെ അതീവ ഗുരുതരമായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, അവിടെ നടന്നു വരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ സൗദി ഭരണാധികാരികളായ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിർദേശം നൽകി. ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായുള്ള ‘സൗദി ജനകീയ കാമ്പയിന്റെ’ ഭാഗമായി വായു, കടൽ, കര മാർഗങ്ങളിലൂടെയുള്ള ദുരിതാശ്വാസ പാലങ്ങൾ (റിലീഫ് ബ്രിഡ്ജസ്) കൂടുതൽ സജീവമാക്കാനാണ് ഉത്തരവ്.
വിവിധ പ്രതിസന്ധികളിലും പ്രയാസങ്ങളിലും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുന്ന സൗദിയുടെ ദീർഘകാല ചരിത്രപരമായ പങ്കിനെ അടിവരയിടുന്നതാണ് ഈ തീരുമാനമെന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. ഉദാരമായ ഈ തീരുമാനത്തിന് ഭരണാധികാരികളോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
77 വിമാനങ്ങളിലും എട്ട് കപ്പലുകളിലുമായി ഇതുവരെ 7,699 ടണിലധികം സഹായങ്ങൾ ഗസ്സയിൽ എത്തിച്ചു. കരമാർഗം ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഷെൽട്ടറുകൾ എന്നിവയുമായി 912 ട്രക്കുകളും ഗസ്സയിലെത്തി.
ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിക്ക് 20 അത്യാധുനിക ആംബുലൻസുകൾ കൈമാറി. അന്താരാഷ്ട്ര സംഘടനകൾ വഴി 9,03,50,000 ഡോളറിന്റെ വിവിധ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനായി കരാറുകൾ ഒപ്പിട്ടു. സൗദി അറേബ്യയുടെ ഭരണാധികാരികളുടെയും ജനങ്ങളുടെയും ഹൃദയത്തിൽ ഫലസ്തീന് എപ്പോഴും സവിശേഷ സ്ഥാനമുണ്ടെന്നും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള ആധികാരിക മൂല്യങ്ങളിൽനിന്ന് സൗദി ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്നും ഡോ. അൽ റബീഅ കൂട്ടിച്ചേർത്തു.
ധനസമാഹരണം ആരംഭിച്ച് ‘കിങ് സൽമാൻ റിലീഫ്’
- ദുരിതബാധിതരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ജനകീയ കാമ്പയിൻ
റിയാദ്: ഗസ്സ മുനമ്പിലെ അതീവ ദുഷ്കരമായ മാനുഷിക സാഹചര്യം പരിഗണിച്ച്, ഫലസ്തീൻ ജനതക്കുള്ള സഹായം ഉറപ്പാക്കുന്നതിനായി ‘സഹം’ (Sahem) പ്ലാറ്റ്ഫോം വഴി സംഭാവനകൾ നൽകാൻ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) തിങ്കളാഴ്ച ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക ജനകീയ കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.
നിലവിലെ മാനുഷിക പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന ഫലസ്തീനിലെ ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ എത്തിക്കുന്നതിനും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ഈ സംഭാവനകൾ വലിയ തോതിൽ സഹായകമാകുമെന്ന് സെൻറർ വ്യക്തമാക്കി. ‘സഹം’ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് തങ്ങളുടെ വിഹിതം നൽകാം.
ഗസ്സയിലെ ദുരിതമനുഭവിക്കുന്നവർക്ക് വായു, കടൽ, കര മാർഗങ്ങളിലൂടെയുള്ള സഹായ വിതരണം ഊർജിതമാക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഞായറാഴ്ച നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്യവ്യാപകമായി ജനകീയ ധനസമാഹരണം ശക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

