സഹായ ഹസ്തങ്ങൾക്ക് ഒരായിരം നന്ദി; നട്ടെല്ലിന് ക്ഷയരോഗം ബാധിച്ച് കിടപ്പിലായിരുന്ന മുംതജ് നാടണഞ്ഞു

  • കോണ്‍സുലേറ്റിൻെറ ഇടപെടലിലൂടെയാണ് യാത്രക്ക് വഴിയൊരുങ്ങിയത്

മുംതജും ഭർത്താവ് മുഹമ്മദ് റാഫിയും ജിദ്ദ വിമാനത്താവളത്തിൽ, ഇൻസൈറ്റിൽ മുംതജ്.

ജിദ്ദ: നട്ടെല്ലിന് ക്ഷയ രോഗം ബാധിച്ച് കിടപ്പിലായി നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായ യുവതി നാടണഞ്ഞു. പാലക്കാട് ജില്ലയിലെ പറളി കമ്പയിലെ മുഹമ്മദ് റാഫിയുടെ ഭാര്യ മുംതജ് ആണ് രോഗം ബാധിച്ചതിനെ തുടർന്ന് മാസങ്ങളായി ജിദ്ദയിൽ വേദന തിന്ന് കഴിഞ്ഞിരുന്നത്. ജിദ്ദയിലുള്ള ഭർത്താവായ മുഹമ്മദ് റാഫിയുടെ അടുത്തേക്ക് ഇക്കഴിഞ്ഞ നവംബറില്‍ സന്ദർശന വിസയിലെത്തിയതായിരുന്നു മുംതജ്.

ജിദ്ദയിലെത്തി രണ്ട് മാസം പിന്നിട്ടപ്പോൾ നടുവിന് ചെറുതായി തുടങ്ങിയ വേദന ശരീരമാസകലം പടർന്ന് പിടിച്ചതോടെ നടത്തിയ പരിശോധനയിലാണ് മുംതജിന്റെ നട്ടെല്ലിന് ക്ഷയ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകണമെന്ന് സൗദിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ കോവിഡ് മഹാമാരി മൂലം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിലച്ചതോടെ നാട്ടില്‍ പോകാനാകാതെ കുടങ്ങി. പരസഹായമില്ലാതെ ശരീരമനക്കാൻ പോലും കഴിയാതെ രണ്ട് മാസത്തോളം മുംതജ് ഒരേ കിടപ്പായിരുന്നു. ഈ അവസ്ഥയിൽ സ്‌ട്രക്ച്ചറിൽ മാത്രമേ വിമാനയാത്ര സാധ്യമാകൂ എന്ന് വന്നതോടെ ചാർട്ടേഡ് വിമാനങ്ങളിലും അനുമതി ലഭിച്ചില്ല. എന്നാൽ വിവരം പുറംലോകം അറിഞ്ഞതോടെ ഇവരുടെ അവസ്ഥ മനസിലാക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഉദാരമതികളും സാമൂഹിക പ്രവർത്തകരും സഹായഹസ്തവുമായി മുന്നോട്ട് വന്നു. ഒടുവിൽ കോൺസുലേറ്റിൻ്റെ ഇടപെടലിലൂടെ യാത്രക്ക് വഴിയൊരുങ്ങി.

സഹായിച്ചവർക്കെല്ലാം നന്ദി അറിയിച്ച് തിങ്കളാഴ്ച ജിദ്ദയിൽ നിന്ന് മുംബൈ വഴി പുറപ്പെട്ട വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ വിമാനത്തിലാണ് മുംതജും ഭർത്താവ് മുഹമ്മദ് റാഫിയും യാത്രയായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മുംതജ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. മുംതജിനേയും മുഹമ്മദ് റാഫിയേയും യാത്രയക്കാൻ കോണ്സുലേറ്റ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനതാവളത്തിലെ മലയാളി സ്റ്റാഫുകളുടെ സേവനം യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൽ ഏറെ സഹായകരമായി.

Loading...
COMMENTS