പ്രതികൂല സാഹചര്യത്തിൽ ജനങ്ങളെ മറക്കാത്ത സർക്കാറിനെ അവർ കൈവിടില്ല –പി.പി. സുനീർ
text_fieldsഅൽഅഹ്സ: ഏതു പ്രതികൂല സാഹചര്യങ്ങൾ വന്നാലും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ, കേന്ദ്ര ഏജൻസികളുടെയും ചില മാധ്യമങ്ങളുടെയും സഹായത്തോടെ നുണക്കഥകളിലൂടെ തകർക്കാൻ കേരള ജനത അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗവും കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ പി.പി. സുനീർ പറഞ്ഞു.
നവയുഗം സാംസ്കാരിക വേദി അൽഅഹ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മത, വർഗീയ ശക്തികളുടെ പ്രീതി പിടിച്ചുപറ്റി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാതെ, സമഗ്രവും ഫലപ്രദവുമായ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനപ്രീതി പിടിച്ചുപറ്റാനാണ് എന്നും ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്.
ആ ജനകീയാടിത്തറയെ തകർക്കാൻ ഒരു വിരുദ്ധശക്തികൾക്കും കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒാൺലൈനായി നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത്തീഫ് മൈനാഗപ്പള്ളി, നിസാം കൊല്ലം, സനു മഠത്തിൽ, രതീഷ് രാമചന്ദ്രൻ, മേഖല നേതാക്കളായ മുരളി, ബദർ, നിസാം പുതുശേരി, അൻസാരി അഖിൽ, രാജീവ് ചവറ, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി സുശീൽ കുമാർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം സിയാദ് നന്ദിയും പറഞ്ഞു. പുതിയ പ്രവർത്തന വർഷത്തിലെ അംഗത്വ വിതരണം തുടങ്ങിയതായി മേഖല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
