വിദേശികളെ വിവാഹം കഴിച്ച സൗദി പൗരന്മാർക്ക് വിദേശയാത്ര നടത്താം
text_fieldsജിദ്ദ: സൗദികളല്ലാത്തവരെ വിവാഹം കഴിച്ച സൗദി പൗരന്മാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വിദേശ യാത്രക്ക് അനുമതി നൽകിയതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് നിലനിൽക്കേയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശികളെ വിവാഹം കഴിച്ച പൗരന്മാർക്ക് വിദേശത്തേക്ക് പോകാം. എന്നാൽ അതല്ലാത്ത പൗരന്മാർക്ക് വിദേശയാത്ര വിലക്ക് തുടരും. പുതിയ തീരുമാനമനുസരിച്ച് സ്വദേശി സ്ത്രീകൾക്ക് സൗദികളാത്ത ഭാർത്താവുമൊത്ത് യാത്ര ചെയ്യാനോ, വിദേശത്തുള്ള ഭർത്താവിെൻറ അടുക്കലേക്ക് പോകാനോ സാധിക്കും. പ്രവേശന കവാടങ്ങളിൽ വിദേശിയുമായി വിവാഹിതയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കണമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. അതുപോലെ സൗദികളെല്ലാത്തവരെ വിവാഹം കഴിച്ച പുരുഷന്മാർക്കും ജോലി കാരണമോ, മറ്റ് കാരണത്താലോ രാജ്യത്തേക്ക് ഭാര്യക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ വിദേശത്തേക്ക് പോകാൻ അനുവാദമുണ്ടാകും.
ഭാര്യ വിദേശത്താണെന്നും സൗദിയിലേക്ക് വരാൻ കഴിയില്ലെന്നും തെളിയിക്കുന്ന രേഖകൾ ഇവർ ഹാജരാക്കണം. എന്നാൽ, രാജ്യത്തിന് പുറത്താണ് ഭാര്യയെന്നും രാജ്യത്തേക്ക് വരാൻ കഴിയില്ലെന്നും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ സൗദി പൗരന് കഴിയുന്നില്ലെങ്കിൽ അബ്ശിർ പോർട്ടൽ വഴി യാത്ര പെർമിറ്റിനായി അപേക്ഷിക്കാം. നടപടിക്രമങ്ങൾ എളുപ്പമാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും പാസ്പോർട്ട് ഡയറക്ട്രേറ്റ് വ്യക്തമാക്കി.