ഹൃദയം തൊടുന്ന നന്ദിയോടെ പ്രവാസി സമൂഹം
text_fieldsജന്മനാട്ടിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം പ്രവാസം സ്വീകരിക്കേണ്ടി വന്നപ്പോൾ, അന്യദേശക്കാരെന്ന വിവേചനമില്ലാതെ നെഞ്ചോടു ചേർത്തുപിടിച്ച ഒരു രാജ്യമുണ്ട്; സൗദി അറേബ്യ. തൊഴിൽ തേടിയെത്തിയവർക്കും ജീവിതത്തിെൻറ വലിയൊരു ഭാഗം ഇവിടെ ചെലവഴിച്ചവർക്കും ഈ മണ്ണ് വെറുമൊരു പ്രവാസഭൂമിയല്ല, മറിച്ച് സ്വപ്നങ്ങളും ഓർമകളും നിറഞ്ഞ സ്വന്തം ഇടമാണ്.
അതുകൊണ്ടുതന്നെ സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം പ്രവാസികൾക്ക് കേവലം ഒരു ആഘോഷം മാത്രമല്ല, തങ്ങൾക്ക് തണലേകിയ പോറ്റമ്മയുടെ പിറന്നാൾ ദിനത്തിൽ നടത്തുന്ന നന്ദിപ്രകടനം കൂടിയാണ്. സ്വന്തം രാജ്യത്തിെൻറ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അതേ ആഹ്ലാദത്തോടെയാണ് പ്രവാസി സമൂഹം ഈ ദിനത്തെയും നെഞ്ചിലേറ്റുന്നത്.
ദേശീയദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. ഇതിനായി നാട്ടിൽനിന്ന് പ്രത്യേക കലാകാരന്മാർ പോലും എത്തിച്ചേർന്നിട്ടുണ്ട്. കേക്ക് മുറിച്ചും, രാജ്യചരിത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളും സാംസ്കാരിക സംഗമങ്ങളും സംഘടിപ്പിച്ചും ആഘോഷങ്ങൾ പൊടിപൊടിക്കുന്നു.
കൂടാതെ, അറബ് സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട കലാമത്സരങ്ങളും വിവിധ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലേക്ക് നടത്തുന്ന യാത്രകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. മലയാളി സമൂഹം മാത്രമല്ല, രാജ്യത്തിെൻറ വളർച്ചയുടെയും സൗഹൃദത്തിെൻറയും കഥകൾ പങ്കുവെച്ച് വിവിധ രാജ്യക്കാരായ പ്രവാസികളും ഒന്നടങ്കം ഈ സന്തോഷത്തിൽ പങ്കുചേരുന്നുണ്ട്. ഇത്തവണത്തെ ദേശീയദിനം വാരാന്ത്യ അവധിയോട് ചേർന്നാണ് വരുന്നത് എന്നതിനാൽ, ഒരു ദിവസത്തെ അധിക അവധികൂടിയെടുത്ത് കുടുംബത്തോടൊപ്പം യാത്രകൾ പ്ലാൻ ചെയ്യുകയാണ് പല പ്രവാസി കുടുംബങ്ങളും. ജോലിത്തിരക്കുകൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിൽ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും സൗദിയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി അടുത്തറിയാനും ഈ അവധി പ്രയോജനപ്പെടുന്നു. പ്രകൃതിഭംഗിയും ചരിത്രവും സമന്വയിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഏറെയും.
സൗദിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ദീര, ദറഇയ്യ, അൽ തുറൈഫ് തുടങ്ങിയ ഇടങ്ങൾ സന്ദർശകരെ വരവേൽക്കാൻ പൂർണ സജ്ജമായിക്കഴിഞ്ഞു. ചരിത്രസ്മാരകങ്ങളും പഴയ മൺകെട്ടിടങ്ങളും കോട്ടകളും നിറഞ്ഞുനിൽക്കുന്ന ദറഇയ്യയിലും ദീരയിലും സന്ദർശകരുടെ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. ഇന്നിെൻറ ആധുനികതയും ഇന്നലെയുടെ പൈതൃകവും കൈകോർക്കുന്ന ഈ പ്രദേശങ്ങളിൽ എത്തുന്നവർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ അറബിക്ക് പുറമെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഗൈഡുകളെയും വിന്യസിച്ചിട്ടുണ്ട്.
തലമുറകളിലേക്ക് രാജ്യത്തിെൻറ പൈതൃകം പകർന്നുനൽകുന്നതിൽ സ്കൂളുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ അവധിക്ക് മുമ്പും ശേഷവുമായി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുന്നു. പച്ചയും വെള്ളയും നിറങ്ങളിലുള്ള ദേശീയ വേഷങ്ങളിലണിഞ്ഞാണ് കുട്ടികൾ എത്തുന്നത്.
ചരിത്രവും നേട്ടങ്ങളും പരിചയപ്പെടുത്തുന്ന പരിപാടികൾ, പ്രസംഗങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയിലൂടെ പുതുതലമുറയ്ക്ക് രാജ്യത്തിെൻറ പൈതൃകം തൊട്ടറിയാൻ സാധിക്കുന്നു. ആഘോഷങ്ങളുടെ നിറവിൽ തെരുവുകളും വ്യാപാര മേഖലയും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. ദീപാലങ്കാരങ്ങളും പച്ചയും വെള്ളയും നിറങ്ങളിലുള്ള ബലൂണുകളും പതാകകളും കൊണ്ട് നഗരവീഥികൾ ഹരിതചാരുത അണിഞ്ഞു കഴിഞ്ഞു. ദേശീയദിനത്തിെൻറ പ്രതീകങ്ങൾ പതിച്ച വാഹനങ്ങൾ തെരുവ് കീഴടക്കുന്നത് മിഴിവുറ്റ കാഴ്ചയാണ്.
പ്രവാസികളുടെ മേൽനോട്ടത്തിലുള്ള കടകളിലും റസ്റ്റോറൻറുകളിലും മാളുകളിലും ആവേശകരമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, യാത്രാ സേവനങ്ങൾ എന്നിവയിലെല്ലാം പ്രത്യേക വിലക്കുറവുകളും പാക്കേജുകളും പ്രഖ്യാപിച്ചതോടെ ഷോപ്പിങ് സെൻററുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആധുനിക നഗരങ്ങളുടെ ശ്രേണിയിലേക്ക് അതിവേഗം വളർന്നുയരുന്ന ഈ രാജ്യം തങ്ങളുടെ കൂടി അഭിമാനമാണെന്ന ബോധമാണ് ഓരോ പ്രവാസിക്കുമുള്ളത്. തങ്ങൾക്ക് തണലും അഴകും നൽകിയ ഈ മണ്ണിൽ, ആഘോഷത്തിെൻറ ഓരോ നിമിഷവും അവർ നന്ദിയോടെയും ആത്മബന്ധത്തോടെയും ചേർത്തുവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

