അഭിമാനത്തിെൻറ പച്ചപ്പിൽ സൗദി അറേബ്യ
text_fieldsസൗദി അറേബ്യയുടെ 96ാമത് ദേശീയ ദിനാഘോഷത്തിൽ നാടും നഗരവും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. ‘ഞങ്ങളുടെ അഭിമാനം ഞങ്ങളുടെ സ്വഭാവത്തിലാണ്’ എന്ന പ്രമേയത്തിന് കീഴിൽ, ദിവസങ്ങൾക്ക് മുമ്പേ തന്നെ സൗദിയിലെ നഗരങ്ങളെല്ലാം പച്ചച്ചായത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. സൗന്ദര്യവും സന്തോഷവും അഭിമാനവും ഒത്തുചേർന്ന മനോഹരകാഴ്ചകളാണ് എങ്ങും ദൃശ്യമാകുന്നത്. നഗരങ്ങളിലെ റോഡുകളും ചത്വരങ്ങളും കടൽത്തീരങ്ങളും ടവറുകളും പാലങ്ങളുമെല്ലാം രാജ്യത്തോടും നേതൃത്വത്തോടുമുള്ള സ്നേഹവും കൂറും വിളിച്ചോതുന്ന ദേശീയ ചിത്രങ്ങളായി മാറിയിരിക്കുന്നു.
കെട്ടിടങ്ങളിലെ പ്രകാശവിതാനവും തെരുവുകളിലെ അലങ്കാരങ്ങളും പച്ച നിറത്തെ ഓരോ നഗരത്തിെൻറയും സവിശേഷതകളെ ഒന്നിപ്പിക്കുന്ന പൊതുഭാഷയാക്കി മാറ്റി. റോഡുകളിൽ ഉയർത്തിയ പതാകകൾ, സ്ഥാപനങ്ങളുടെയും കടകളുടെയും മുൻവശങ്ങൾ, ഭരണാധികാരികളുടെ ചിത്രങ്ങൾ പതിച്ച വാഹനങ്ങൾ, ദേശീയ പതാകയേന്തി ആഘോഷിക്കുന്ന സ്വദേശികളും താമസക്കാരുമടക്കം എല്ലാവരിലും ഈ ദേശീയ വികാരം പ്രകടമാണ്.
സ്വദേശികളെ സംബന്ധിച്ചിടത്തോളം ദേശീയ ദിനം കേവലം നഗരങ്ങളിൽ പതാകകൾ വീശുന്നതിലും ദേശീയ ഗാനങ്ങൾ മുഴക്കുന്നതിലും ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, ഏതാനും വർഷങ്ങൾക്കുള്ളിൽ സ്ഥാപന കാലഘട്ടത്തിൽനിന്ന് നേതൃത്വത്തിലേക്ക് വളരുകയും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉയർന്ന സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഒരു രാജ്യത്തിെൻറ ചരിത്രബോധം പുതുക്കുന്ന വേളയാണിത്. ഐക്യത്തിെൻറയും തുടർന്നുണ്ടായ നിർമാണപ്രയാണത്തിെൻറയും ഇതിഹാസങ്ങളാണ് സൗദിയിലുള്ളവർ ഈ ദിനത്തിൽ ഓർത്തെടുക്കുന്നത്.
രാജ്യത്തിെൻറ ഏകീകരണത്തെയും വിവിധ മേഖലകളിൽ കൈവരിച്ച വികസന-സാംസ്കാരിക നേട്ടങ്ങളെയും സ്മരിക്കുന്ന ഈ അവസരത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനങ്ങളും പരേഡുകളും എടുത്തുപറയേണ്ടവയാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ ആഘോഷങ്ങൾക്ക് മറ്റൊരു മനോഹര മുഖം നൽകുന്നു.
പുരാതന കെട്ടിടങ്ങളും പാരമ്പര്യം വിളിച്ചോതുന്ന പൈതൃക വസ്തുക്കളും ചിഹ്നങ്ങളും ആധുനിക ആഘോഷങ്ങളുമായി ഒത്തുചേരുമ്പോൾ അത് ഭൂതകാലത്തെയും വർത്തമാനകാലത്തെയും കോർത്തിണക്കുന്ന കാഴ്ചയായി മാറുന്നു. സ്വന്തം പൈതൃകം സംരക്ഷിച്ചുകൊണ്ട് തന്നെ, ആത്മവിശ്വാസത്തോടെയും ഉയർന്ന അഭിലാഷങ്ങളോടെയും ഭാവിയിലേക്ക് മുന്നേറാനുള്ള സന്ദേശമാണ് ഇത് കൈമാറുന്നത്.
റോഡരികുകളിലുടനീളം നീളുന്ന പതാകകളും ചത്വരങ്ങളെയും പാലങ്ങളെയും അലങ്കരിച്ച ദീപങ്ങളും നഗരങ്ങളിൽ ഉത്സവപ്രതീതി സൃഷ്ടിക്കുന്നു. പൗരന്മാരുടെയും പ്രവാസികളുടെയും സന്ദർശകരുടെയും മനസ്സുകളിൽ ഒരുപോലെ രാജ്യത്തോടുള്ള സ്നേഹം നിറയുന്ന ദിനമാണിത്. രാജ്യത്തിെൻറ ഓരോ പ്രദേശവും ഒറ്റപ്പെട്ട കാഴ്ചകളാകാതെ, ഒരേയൊരു ദേശീയ വികാരത്തിെൻറ വിവിധ രൂപങ്ങളായി മാറുന്നു.
സമൂഹത്തിെൻറ ഹൃദയത്തിൽ ദേശീയ ദിനത്തിനുള്ള ഉന്നത സ്ഥാനം പ്രതിഫലിപ്പിക്കുന്നതാണ് ഓരോ പരിപാടിയും. ആഘോഷങ്ങളുടെ ഭാഗമായി ദേശചരിത്രം പറയുന്ന മ്യൂസിയങ്ങൾ സന്ദർശകർക്കായി തുറന്നിടുന്നു. ഐക്യത്തെ ശക്തിയുടെ അടിസ്ഥാനമാക്കിയും, മനുഷ്യനെ വികസനത്തിെൻറ കേന്ദ്രബിന്ദുവാക്കിയും, വലിയ അഭിലാഷങ്ങളെ ഭാവിയുടെ വഴികാട്ടിയാക്കിയും വളർന്ന ഒരു രാജ്യത്തിെൻറ കഥ വരുംതലമുറകൾക്ക് ഇത് പകർന്നുനൽകുന്നു.
രാജ്യത്തോടുള്ള പ്രതിബദ്ധതയും അഭിമാനവും ഉണർത്തുന്നതിനൊപ്പം, സൗദി സംസ്കാരത്തിെൻറ കാവ്യ, കലാ, പാരമ്പര്യ സമ്പുഷ്ടത പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് സൗദി വിനോദ അതോറിറ്റി സംഘടിപ്പിക്കുന്നത്. പരമ്പരാഗത സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ‘അർദ’ എന്ന നാടൻ നൃത്തം, കവിതാസദസ്സുകൾ, പ്രദർശനങ്ങൾ, കലാ-വൈജ്ഞാനിക മത്സരങ്ങൾ, നാടൻ കലകൾ, ദേശസ്നേഹം തുളുമ്പുന്ന ഒപ്പേറ, റാലികൾ, സംഗീത-ചലച്ചിത്ര പ്രദർശനങ്ങൾ, സംവേദനാത്മക പരിപാടികൾ തുടങ്ങി വിപുലമായ ആഘോഷങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

