സൗദി ദേശീയദിനം: രാജ്യമെങ്ങും വിപുലമായ പരിപാടികൾ
text_fieldsജിദ്ദ: 92ാമത് സൗദി ദേശീയദിന പരിപാടികൾക്ക് തുടക്കം. 'ഇത് ഞങ്ങളുടെ വീടാണ്' എന്ന തലക്കെട്ടിൽ രാജ്യമെങ്ങും ദേശീയദിനത്തോടനുബന്ധിച്ച് വിപുലവും വൈവിധ്യവുമാർന്ന പരിപാടികളുണ്ടായിരിക്കുമെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഈ മാസം 18 മുതൽ 26 വരെ ആഘോഷം നീണ്ടുനിൽക്കും. എല്ലാ പ്രദേശങ്ങളും ദേശീയ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, സിവിൽ എയർക്രാഫ്റ്റുകൾ, കപ്പലുകൾ, ബോട്ടുകൾ എന്നിവ ഉപയോഗിച്ച് ഒരു സംഘം സൈനികർ നടത്തുന്ന നാവിക, വ്യോമ അഭ്യാസപ്രകടനങ്ങളാണ് പ്രധാന പരിപാടി. എയർഷോയിലൂടെ 'രാജ്യത്തിന്റെ അഭിവാദ്യം' എന്ന തലക്കെട്ടിൽ രാജ്യത്തിനും ജനതക്കും ഭരണാധികാരികൾക്കും അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അഭിവാദ്യങ്ങൾ വിമാനങ്ങൾ ആകാശത്ത് വരച്ചുകാട്ടും.
10 ദിവസം റോയൽ സൗദി എയർഫോഴ്‌സ് 14 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15 എസ്, ടൊർണാഡോ, എഫ്-15 സി വിമാനങ്ങൾ ഉപയോഗിച്ചുള്ള എയർഷോകൾ നടത്തും. സൈനിക വാഹനങ്ങളും റൈഡർമാരുടെ ടീമുകളും കുതിരപ്പടയും അണിനിരക്കുന്ന ദേശീയ മാർച്ചുമുണ്ടാകും.
ആഭ്യന്തര മന്ത്രാലയവും ദേശീയ ദിനാഘോഷങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. 'പരിപാടികൾ രാജ്യത്തിന്റെ അഭിമാനം' എന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികൾ കാഴ്ചക്കാർക്ക് സമ്പന്നമായ അനുഭവം സമ്മാനിക്കും.
സുരക്ഷ മേഖലകളിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെയുള്ള വെർച്വൽ തിയറ്റർ, മന്ത്രാലയത്തിന്റെ സൈനിക ബാൻഡിന്റെ തത്സമയ സംഗീത പരിപാടികൾ, എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമായ വൈവിധ്യമാർന്ന വിനോദ പരിപാടികൾ എന്നിവയുമുണ്ടാകും.
തലസ്ഥാനമായ റിയാദും ജിദ്ദ നഗരവും പ്രത്യേക പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.
പ്രധാന റോഡുകളിൽ റോയൽ ഗാർഡിന്റെയും കുതിരപ്പടയുടെയും റോയൽ ബാൻഡ് സംഘത്തിന്റെയും ക്ലാസിക് കാറുകളുടെയും പങ്കാളിത്തത്തോടെ ഘോഷയാത്രയുമുണ്ടാകും.
92ാമത് സൗദി ദേശീയദിനത്തിന് ലോകോത്തര സർകസ് കമ്പനിയായ 'സർക്യു ഡ്യു സോലെ' പ്രത്യേകം രൂപകൽപന ചെയ്ത സർകസ് ഷോ അവതരിപ്പിക്കും. റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി വേദിയിൽ ഈ മാസം 21 മുതൽ 24 വരെ വിവിധ പരിപാടികൾ അരങ്ങേറും.
രാജ്യത്തെ 13 മേഖലകളിൽ പൊതുപാർക്കുകളിൽ രാജ്യത്തിന്റെ ചരിത്രവും ദേശീയ പൈതൃകവും അവതരിപ്പിക്കുന്ന ആഘോഷ പരിപാടികൾ നടക്കും.
നിരവധി വിനോദ, സംവേദനാത്മക പരിപാടികൾ, പൈതൃക പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവ ഇതിലുൾപ്പെടും.
രാജ്യത്തെ 18 നഗരങ്ങളുടെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന കൂറ്റൻ കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും.
മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റിയിൽ സൗദിയുടെ ചരിത്രം ഉയർത്തിക്കാട്ടുന്ന ദേശീയ ഗാനമേള അരങ്ങേറും.
വിവിധ മേഖലകളിലെ പരിപാടികളിൽ സൗദിയിലെയും ഗൾഫിലെയും അറബ് സംഗീതത്തിലെയും താരങ്ങൾ അണിനിരക്കും. കലാകാരന്മാരായ മുഹമ്മദ് അബ്ദു, ഇബാദി അൽ-ജൗഹർ, റാബിഹ് സഖ്ർ, മജീദ് അൽ-മുഹൻദിസ്, അഹ്‌ലാം, അൻഗാം, അഹ്മദ് സഅ്ദ് എന്നിവർ ഗാനമേളകളിൽ പാടുമെന്നും തുർക്കി ആലുശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

