ലണ്ടനിൽ സൗദി മ്യൂസിക് അതോറിറ്റി സംഗീതമേള സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: സൗദി മ്യൂസിക് അതോറിറ്റി ലണ്ടനിൽ ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’ എന്ന പേരിൽ സംഗീത മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28ന് വെസ്റ്റ്മിൻസ്റ്ററിലെ സെൻട്രൽ ഹാൾ തിയറ്ററിലാണ് പരിപാടി അരങ്ങേറുക. ഇതിലേക്കുള്ള പ്രവേശന ടിക്കറ്റ് ഈ മാസം അഞ്ചുമുതൽ ‘വെബ്ബുക്’ ആപ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. മ്യൂസിക് അതോറിറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായകസംഘത്തിന്റെയും ആഗോള ടൂറുകളുടെ ഭാഗമായാണ് പരിപാടി.
ആദ്യ കച്ചേരി ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഹാൾ ഡു ചാറ്റ്ലെറ്റിലാണ് അരങ്ങേറിയത്. തുടർന്ന് മെക്സിക്കോ സിറ്റിയിലെ നാഷനൽ തിയറ്ററിൽ മറ്റൊരു കച്ചേരിയും നടത്തി. ന്യൂയോർക്ക് സിറ്റിയിൽ മെട്രോപൊളിറ്റൻ ഓപറ ഹൗസിലാണ് മൂന്നാമത്തെ സംഗീത മേള അരങ്ങേറിയത്.
പുരാതന ചരിത്രത്തിനും സമ്പന്നമായ സംസ്കാരത്തിനും പേരുകേട്ട തലസ്ഥാനമായ ലണ്ടനിലാണ് ഇപ്പോൾ കച്ചേരി നടത്താൻ പോകുന്നത്. ആഗോളതലത്തിൽ സൗദി സാംസ്കാരിക രംഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.
വിവിധ രൂപങ്ങളിൽ കലയെയും സംസ്കാരത്തെയും പിന്തുണക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ‘മാർവൽസ് ഓഫ് സൗദി ഓർക്കസ്ട്ര’. കലാപരവും സാംസ്കാരികവുമായ രംഗങ്ങളെ സമ്പന്നമാക്കുന്ന സാംസ്കാരിക സംരംഭങ്ങളുടെ ഒരു പരമ്പര ഒരുക്കുക, പ്രാദേശികമായും അന്തർദേശീയമായും അറിവ് കൈമാറ്റം ചെയ്യുക, സൗദിയും യു.കെയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായക സംഘത്തിന്റെയും പങ്കാളിത്തം ലക്ഷ്യമിടുന്നു.
സൗദിയുടെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന സംഗീത സൃഷ്ടികളുടെ ഒരു പാക്കേജിന് കച്ചേരി സാക്ഷ്യം വഹിക്കും. സൗദിയിലെയും ബ്രിട്ടനിലെയും പ്രശസ്തമായ പാട്ടുകളാണ് ആലിപിക്കപ്പെടുക.
സൗദി, ബ്രിട്ടീഷ് സംസ്കാരങ്ങൾ സംയോജിപ്പിക്കുന്ന സംയുക്ത സംഗീതവും കച്ചേരിയിൽ അവതരിപ്പിക്കും. ‘വിഷൻ 2030’ന്റെ കുടക്കീഴിൽ സംസ്കാരത്തിനായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ താൽപര്യത്തിന്റെ ഭാഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

