ബോക്സ് ഓഫീസിൽ കോടികൾ വാരി സൗദി സിനിമ ‘7 ഡോഗ്സ്’; ഹോളിവുഡ്-ബോളിവുഡ് താരങ്ങൾക്കൊപ്പം തിളങ്ങി മലയാളി യുവാവും
text_fieldsറിയാദ്: ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് സൗദി അറേബ്യയുടെ ആദ്യ അന്താരാഷ്ട്ര ബിഗ് ബഡ്ജറ്റ് ചിത്രം ‘7 ഡോഗ്സ്’ ലോകമെമ്പാടും വൻ തരംഗം സൃഷ്ടിക്കുന്നു. ഹോളിവുഡ് ചിത്രം ‘ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ’ ഒരുക്കിയ പ്രശസ്ത സംവിധായക ജോഡികളായ ആദിൽ അൽ അർബി, ബിലാൽ ഫലാഹ് എന്നിവർ ദൃശ്യവിരുന്നൊരുക്കിയ ഈ ആക്ഷൻ ത്രില്ലറിൽ, ലോകോത്തര താരങ്ങൾക്കൊപ്പം ഒരു മലയാളി യുവാവും ശ്രദ്ധേയമായ വേഷത്തിൽ കൈയടി നേടുന്നു എന്നത് പ്രവാസി സമൂഹത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
പൂർണമായും റിയാദിൽ ചിത്രീകരിച്ച ഈ സിനിമയിൽ അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടത് പ്രവാസി മലയാളിയായ നജാത് ബിൻ അബ്ദുൽ റഹ്മാനാണ്. മലയാളി സിനിമാപ്രേമികളെ ആവേശത്തിെൻറ കൊടുമുടിയിലെത്തിക്കുന്ന സർപ്രൈസ് രംഗങ്ങളാണ് ചിത്രത്തിെൻറ പ്രധാന സവിശേഷത. ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ എത്തുന്ന ബാർബർ ഷോപ്പ് രംഗം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തോതിൽ വൈറലായിക്കഴിഞ്ഞു. സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം അറബ് സിനിമയിലെയും ഹോളിവുഡിലെയും വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഈജിപ്ഷ്യൻ സൂപ്പർതാരങ്ങളായ അഹമ്മദ് എസ്, കരീം അബ്ദുൽ അസീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ, പ്രശസ്ത ഹോളിവുഡ് താരം ജിയാൻകാർലോ എസ്പോസിറ്റോ, നടി മോണിക്ക ബെല്ലൂച്ചി, മാർഷ്യൽ ആർട്സ് താരം മാക്സ് ഹുവാങ് എന്നിവരും ചിത്രത്തിന് രാജ്യാന്തര തലത്തിൽ തിളക്കം കൂട്ടുന്നു. ഏകദേശം 330 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചിത്രം ‘ജോൺ വിക്ക്’, ‘മിഷൻ ഇംപോസിബിൾ’ തുടങ്ങിയ ഹോളിവുഡ് ക്ലാസിക്കുകളെ വെല്ലുന്ന രീതിയിലുള്ള ആക്ഷൻ രംഗങ്ങളാലാൽ സമ്പന്നമാണ്. ചിത്രീകരണത്തിനിടെ ഒരൊറ്റ ടേക്കിൽ ഏറ്റവും കൂടുതൽ സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതിെൻറ ‘ഗിന്നസ് വേൾഡ് റെക്കോർഡും’ ഈ ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ പടർന്നുപന്തലിച്ച മയക്കുമരുന്ന് മാഫിയയെയും അതിെൻറ തലവന്മാരായ ‘7 ഡോഗ്സ്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെയും തകർക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു ഇൻറർപോൾ ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. ദൗത്യവിജയത്തിനായി തടവിലുള്ള ഒരു കുപ്രസിദ്ധ കുറ്റവാളിയുമായി ഇദ്ദേഹത്തിന് കൈകോർക്കേണ്ടി വരുന്നു. ഒരു നിയമപാലകനും കുറ്റവാളിയും ഒന്നിച്ചുള്ള ഈ മിഷൻ, ആക്ഷൻ കോമഡി ശൈലിയിലാണ് സംവിധായകർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളിൽ ഓരോ രംഗവും പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തുന്നു. പൂർണമായും റിയാദിൽ ചിത്രീകരിച്ച സിനിമയിൽ, ഇവിടുത്തെ ലൊക്കേഷനുകൾ ഉപയോഗിച്ച് ഷാങ്ഹായ്, മുംബൈ, ഈജിപ്ത് തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളെ മനോഹരമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മെയ് 27ന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ആഗോളതലത്തിൽ വൻ കളക്ഷൻ നേട്ടവുമായി പ്രദർശനം തുടരുകയാണ്. ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയോടുള്ള പ്രതികരണമായി പുറത്തിറങ്ങിയ ‘ഫ്രണ്ട് ലൈഫ്’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയ പരിചയമാണ് നജാത്തിന് ഈ വലിയ ചിത്രത്തിലേക്കുള്ള വഴിതുറന്നത്. കാസർകോട് ചെമ്മനാട് സ്വദേശിയായ നജാത് ബിൻ അബ്ദുറഹ്മാൻ റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊക്യൂർമെൻറ് ഓഫീസറായി ജോലി ചെയ്യുകയാണ്. ഔദ്യോഗികമായി ഓഡിഷനിൽ പങ്കെടുത്ത ശേഷം നിരവധി തവണ സീനുകൾ അഭിനയിച്ചു കാണിച്ചാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ലൊക്കേഷനിൽ എത്തിയപ്പോഴാണ് സൽമാൻ ഖാനും സഞ്ജയ് ദത്തുമടങ്ങുന്ന വൻ താരനിരയുടെ ഭാഗമാണ് താനെന്ന് നജാത് അറിയുന്നത്. തലേദിവസം ലഭിച്ച സ്ക്രിപ്റ്റ് കൃത്യമായി പരിശീലിച്ചാണ് താരം കാമറയ്ക്ക് മുന്നിലെത്തിയത്. മൂന്ന് രംഗങ്ങളിലാണ് അഭിനയിച്ചതെങ്കിലും സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ഒരു രംഗം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമായി ഹോളിവുഡ്, ബോളിവുഡ് താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ സമാനതകളില്ലാത്ത നേട്ടമാണെന്ന് നജാത് പറയുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളയിൽ സൽമാൻ ഖാനുമായി സംസാരിക്കാൻ അവസരം ലഭിച്ചെന്നും, സിനിമയെ കൂടുതൽ ഗൗരവമായി കാണാൻ ഉപദേശിച്ച അദ്ദേഹം അഭിനയം മികച്ചതാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചെന്നും നജാത് പറയുന്നു. ഷോട്ടുകൾ പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെ സംവിധായകരുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി താരം കരുതുന്നു. ചിത്രത്തിെൻറ വിജയത്തിന് പിന്നാലെ സൗദിയിലെ പ്രശസ്തമായ ‘താശ് മതാശ്’ ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ ഗ്രൂപ്പുകളിൽ നിന്നും ഇപ്പോൾ നജാത്തിനെ തേടി അവസരങ്ങൾ എത്തുന്നുണ്ട്. ‘7 ഡോഗ്സ്’ തെൻറ പ്രവാസത്തിലെ മറക്കാനാകാത്ത ഒരു നാഴികക്കല്ലാണെന്ന് നജാത് ബിൻ അബ്ദുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

